Gulf

തകരാറിലായ വാഹനങ്ങൾ ഓടിച്ചു; 1,700 പേർക്ക് പിഴചുമത്തി ദുബായ് പൊലീസ്

തകരാറിലായതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങൾ ഓടിച്ചതിന് 1,700 പേർക്ക് പിഴ ചുമത്തി ദുബായ് പൊലീസ്. തകരാറിലായ വാഹനങ്ങൾ ഓടിച്ചതിന് 2022 ജൂൺ വരെയുള്ള കാലയളവിൽ 1,704 പേർക്കാണ് പിഴ ചുമത്തിയാതായി ദുബായ് പൊലീസ് അറിയിച്ചത്. വാഹനങ്ങൾ കൃത്യമായി പരിപാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അവഗണിക്കുന്നതും വിശ്വസനീയമല്ലാത്ത റിപ്പയർ ഷോപ്പുകളെ സമീപിക്കുന്നതുമാണ് തകരാറിനും വാഹനങ്ങൾ തീപിടിക്കാനും കാരണമാകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ കേണൽ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.പതിവായി നടക്കുന്ന സുരക്ഷാ പരിശോധനകളുടെ ഭാ​ഗമായാണ് നിയമലംഘകരെ പൊലീസ് പിടികൂടിയത്.

തകരാറുള്ള ടയറുകളുമായി ബന്ധപ്പെട്ട് 2,166 നിയമലംഘനങ്ങളും സുരക്ഷാ മാനദണ്ഡങങ്ങൾ പാലിക്കാതെ വാഹനമോടിച്ചതിന് 2,215 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തു. വേനൽക്കാലത്ത് കൂടിയ താപനിലയുള്ള സമയങ്ങളിൽ ടയറുകൾക്ക് ഉൾപ്പടെ പ്രശ്നങ്ങൾ പതിവാണ്. ഏജൻസികളിലും ബോഡി ഷോപ്പുകളിലും വാഹനങ്ങൾ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ വാഹനങ്ങൾ പരിപാലിക്കുന്നുണ്ടെന്നും കേടായ ഭാഗങ്ങൾ നന്നാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കാൻ വാഹനമോടിക്കുന്നവരോട് പൊലീസ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു.