ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 പേര്‍ കൂടി മരിച്ചു. ആറായിരത്തിലേറെയാണ് പുതിയ കേസുകൾ. ആകെ രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. നാലായിരത്തിലേറെ പേര്‍ രോഗമുക്തി നേടി. അറുപതിൽ 42 മരണവും സൗദി അറേബ്യയിലാണ്. ഒമാനിൽ എട്ടും ബഹ്റൈനിൽ ആറും കുവൈത്തിൽ മൂന്നും ഖത്തറിൽ ഒന്നുമാണ് മരണം. യു.എ.ഇയിൽ ഇന്നലെ ഒറ്റ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗൾഫിൽ പുതിയ കേസുകൾ ആറായിരത്തിനു മുകളിൽ തന്നെ തുടരുകയാണ്. സൗദിയിലും ഒമാനിലും മാത്രം നാലായിരത്തിനു മുകളിലാണ് പുതുതായി സ്ഥിരീകരിച്ച രോഗികൾ.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡൻറ് വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകി തുടങ്ങി.
യു.എ.ഇയിൽ അബൂദബി എമിറേറ്റിലേക്ക് പോകാൻ ആരംഭിച്ച പുതിയ കോവിഡ് പരിശോധനാ സംവിധാനം തൽകാലം കുടുംബങ്ങൾക്കും വനിതകൾക്കും മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ ഇത് മറ്റുള്ളവർക്കും ബാധകമാക്കും.
ഇന്ത്യയിൽ നിന്ന് ഷാർജയിലേക്ക് യാത്രചെയ്യുന്നവർ 76 മണിക്കൂറിനുള്ളിൽ നടത്തിയ പി സി ആർ ടെസ്റ്റിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം, അബൂദബി, ഷാർജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ ഫലം ഹാജരാക്കിയാൽ മതിയാകും.