ജനകീയ കൂട്ടായ്മയിലൂടെ എയർടിക്കറ്റുകൾ സമാഹരിച്ചു
നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി സൗജന്യ വിമാനം പറത്താനൊരുങ്ങി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ. ജോലി നഷ്ടമായും മറ്റും കടുത്ത ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ദൗത്യമാണ് പ്രവാസി യാത്രാ മിഷൻ എന്ന ജനകീയ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്.
സുമനസ്സുകളായ അഭ്യുദയകാംക്ഷികൾ വാഗ്ദാനം ചെയ്യുന്ന എയർ ടിക്കറ്റുകൾ ഉപയോഗിച്ചാണ് പ്രവാസികൾക്ക് സൗജന്യ യാത്രക്ക് വഴിയൊരുക്കുന്നത്. ഇതിനായുള്ള ജനകീയ എയർ ടിക്കറ്റ് ശേഖരണം വിജയകരമായി കൂട്ടായ്മ പൂർത്തിയാക്കി.
ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം പേരുടെ പൊതു കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാർട്ടർ ചെയ്യുന്ന വിമാനത്തിൽ 170 പേരെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികളെ യാത്രകാര്യങ്ങളിൽ സഹായിക്കുന്നതിന് മുമ്പാണ് മിഷന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മക്ക് തുടക്കമിട്ടത്.
വന്ദേഭാരത് ദൗത്യത്തിലും ചാർട്ടേർഡ് വിമാനങ്ങളിലും നാട്ടിലേക്ക് പോകുന്നവർക്ക് യാത്രക്കാവശ്യമായ സഹായങ്ങൾ ചെയ്യുക, പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളാണ് പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ദ്രുതവേഗത്തിൽ നടക്കുന്നത്. ടിക്കറ്റിനായും മറ്റും ഗ്രൂപ്പിൽ എത്തുന്ന സഹായ അഭ്യർഥനകൾക്ക് പരിഹാരം കാണാൻ അംഗങ്ങൾ കൂട്ടായി ശ്രമിക്കുന്നു. പത്തോളം പേർക്ക് ഇതിനകം കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ടിക്കറ്റുകൾ സംഘടിപ്പിച്ചു നൽകി. കൂട്ടായ ശ്രമങ്ങളിലൂടെ പ്രവാസികൾക്ക് വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ ഗ്രൂപ്പ് വഴി കൂട്ടായ്മ ഏകോപിപ്പിച്ചു.
ഇത്തരം സഹായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതോടൊപ്പം ദുരിതം അനുഭവിക്കുന്നവരെ സൗജന്യമായി ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുക എന്ന ആശയം കൂടി മിഷൻ മുന്നോട്ട് വെച്ചു. ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേർ കൂട്ടായ്മയെ സഹായിക്കാനായി രംഗത്തെത്തി. വിമാനം ഉടൻ തന്നെ ചാർട്ടർ ചെയ്ത് ബഹ്റൈനിൽ നിന്ന് അർഹരായവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്.
കൂട്ടായ്മയുമായി ബന്ധപ്പെടാൻ 3343 3530, 36710698, 3438 7720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.