Gulf

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരും

11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. കൊവിഡ് വ്യാപനം മൂലം നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ 16 രാജ്യങ്ങളില്‍ അഞ്ച് രാജ്യങ്ങളുടെ വിലക്കാണ് ഇതുവരെ പിന്‍വലിച്ചത്.

വിലക്കേര്‍പ്പെടുത്തിയിട്ടുള്ള 11ല്‍ അഞ്ചും അറബ് രാജ്യങ്ങളാണ്. ലെബനന്‍, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, കോംഗോ, സോമാലിയ, യെമന്‍ എന്നിവയുള്‍പ്പെടെയാണ് വിലക്കുള്ള രാജ്യങ്ങള്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി പൗരന്മാര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

ആകെ പതിനാറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് വിലക്കുണ്ടായിരുന്നത്. ഇതില്‍ ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി, എതോപ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്ക് നിലവില്‍ വിലക്കില്ല. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി പൗരന്മാര്‍, കൊവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ടുമാസം പൂര്‍ത്തിയായാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാരുടെ പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് മൂന്ന് മാസവും മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുറഞ്ഞത് ആറുമാസവും കാലാവധി വേണമെന്ന് നിര്‍ദേശമുണ്ട്.