Gulf

ഭാവിയുടെ രാജ്യത്തിന്റെ പേരാണ് യുഎഇ; അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ ഷെയ്ഖ് മുഹമ്മദ്

അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ സ്വപ്നങ്ങളെ കുറിച്ച് പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അതിഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഹോട്ടലുകൾ പോലെ സ്വീകരണ മനോഭാവമുള്ളതും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനങ്ങൾ പോലെ സജീവമായിരിക്കണം സർക്കാർ. അതാണ് തന്റെ സ്വപ്നമെന്ന് ഷെയ്ഖ് മുഹമ്മദ്.

വാർഷിക ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് തന്റെ സ്വപ്നങ്ങളെ കുറിച്ചും യുഎഇയുടെ ഭാവിയെ കുറിച്ചും ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്. ഭാവിയുടെ രാജ്യത്തിന്റെ പേരാണ് യുഎഇ എന്നും പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്ന സ്വന്തം വാക്കുകൾ കൂടി ചേർത്താണ് വാർഷിക ആഘോഷത്തിന്റെ വിഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. യുഎഇയുടെ അനുഗ്രഹമാണ് ഷെയ്ഖ് മുഹമ്മദിന്റെ 17 വർഷം എന്നതു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂട്ടിച്ചേർത്തു.

440 മന്ത്രിസഭാ യോഗങ്ങൾക്കാണ് ഈ കഴിഞ്ഞ 17 വർഷത്തിനിടെ അദ്ദേഹം അധ്യക്ഷത വഹിച്ചത്. 10000 ഉത്തരവുകൾ പുറപ്പെടുക്കുകയും 66 മന്ത്രിമാർക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തു. വിദേശികളെ സ്വാഗതം ചെയ്യാനും യുഎഇയുടെ നിർമാണത്തിൽ പങ്കാളികളാക്കാനും പ്രഖ്യാപിച്ച വീസകളെക്കുറിച്ചു അദ്ദേഹം പറഞ്ഞു.

ഗോൾഡൻ വീസ, ജോബ് സീക്കർ വീസ, ബിസിനസ് എക്സ്പ്ലറേഷൻ വീസ, മെഡിക്കൽ ട്രീറ്റ്മെന്റ് എൻട്രി വീസ, സ്റ്റഡി വീസ, മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ, ട്രാൻസിറ്റ് വീസ, വിസിറ്റ് വീസ, ജിസിസി റസിഡന്റ് ഇ വീസ, താൽക്കാലിക വർക്ക് പെർമിഷൻ വീസ, ഡിപ്ലോമാറ്റിക് വീസ എന്നിവയാണ് യുഎഇ ഇപ്പോൾ നൽകുന്നത്. ഒരു രാജ്യത്തിന്റെ സ്വീകാര്യതയുടെ തെളിവുകളാണ് ഈ വീസകളെന്നും അദ്ദേഹം പറഞ്ഞു.