ആരാണ് നേസാമണി എന്നല്ലേ? ട്വിറ്റർ ട്രെന്റിങ്ങിൽ ഇന്നലെ രാത്രി ഒന്നാമത് ഉണ്ടായിരുന്നത് #Pray_for_Neasamani എന്നായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് മത്സരം തുടങ്ങിയതോടെ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ പോലും അപ്രസക്തമാക്കിയിരിക്കുകയാണ് നേസാമണി.
സംഭവം മറ്റാരുമല്ല. 2001 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് കോൺട്രാക്ടർ നേസാമണി. 2001 ൽ ഇറങ്ങിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ലോകമെന്തിന് ഇപ്പോൾ പ്രാർത്ഥിക്കുന്നു എന്നാകും! കാരണമുണ്ട്.
സംഭവം തുടങ്ങുന്നത് അങ്ങ് പാക്കിസ്ഥാനിൽ നിന്നാണ്. ‘സിവിൽ എൻജിനീയറിങ് ലേണേഴ്സ്’ എന്ന ഫേസ്‌ബുക്ക് പേജിൽ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം : നിങ്ങളുടെ രാജ്യത്ത് ഈ ഉപകരണത്തിന്റെ പേരെന്ത്? ചുറ്റിക കണ്ടതും വിഘ്‌നേശ് പ്രഭാകർ എന്ന തമിഴ്‌നാട് സ്വദേശി ഇങ്ങനെ കമന്റ് ചെയ്തു : “ഇതിന്റെ പേരാണ് ചുറ്റിക. എന്തെങ്കിലും വസ്തുവിൽ ഇതുവെച്ച് അടിച്ചാൽ ‘ടാങ് ടാങ്’ശബ്ദമുണ്ടാക്കും. ഇത് പെയിന്റിങ് കോൺട്രാക്ടർ നേസാമണിയുടെ തലയിൽ വീണ് തല മുറിഞ്ഞിരുന്നു. പാവം.”
കമന്റ് കണ്ടതോടെ ആരോഗ്യ സ്ഥിതി അറിയാനായി വെമ്പൽ. ഇപ്പോൾ പ്രശ്നമൊന്നുമില്ല എന്ന പറഞ്ഞ് #Pray_for_Neasamani എന്ന ഹാഷ്ടാഗ് ഇട്ടതോടെയാണ് ലോകം മുഴുവൻ പ്രാർഥിക്കാൻ തുടങ്ങിയത്.
1999 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഫ്രണ്ട്സിന്റെ തമിഴ് റീമേയ്ക്ക് ആയിരുന്നു വടിവേലു അഭിനയിച്ച സിനിമ. മലയാളത്തിൽ ഈ കഥാപാത്രം ചെയ്തത് ഹാസ്യ നായകൻ ജഗതി ശ്രീകുമാർ ആയിരുന്നു. ലാസർ എളേപ്പൻ ഹിറ്റായില്ലെങ്കിലെന്താ നേസാമണി ഹിറ്റായാലോ എന്ന ചിന്തയിലാണ് മലയാളികൾ.
നേസാമണിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് വെളിപ്പെടുത്തുന്ന അപ്പോളോ ഹോസ്പിറ്റലിന്റെ ഒരു പത്രക്കുറിപ്പും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. തമിഴ് സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ ഹാഷ്ടാഗുമായി രംഗത്തെത്തിയിട്ടുണ്ട്.