Entertainment

ആരോഗ്യ മന്ത്രിയായി രേവതി; വൈറസിന്റെ കാരക്ടര്‍ പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റിമ കല്ലിങ്കലും ആഷിഖ് അബുവും നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആരോഗ്യ മന്ത്രിയായി വേഷമിടുന്ന രേവതിയുടെ പോസ്റ്റർ ആണ് സിനിമയുടെ പേജിലൂടെയും താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പേജുകളിലൂടെയും പുറത്തു വിട്ടത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനോട് വളരെയധികം സാമ്യതമുള്ള വൈറസിലെ രേവതിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒപിഎം സിനിമാസിന്റെ ബാനറിൽ മുഹ്‌സിൻ പരാരിയും, ഷർഫുവും, സുഹാസും രചിച്ച ചിത്രം 2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ പ്രമേയമാക്കുന്ന സിനിമയാണ്. മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കൾ അണി നിരക്കുന്ന വൈറസിന്റെ ട്രെയിലര്‍ ഇതിനോടകം മുപ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്ന വൈറസിന്റെ ഛായാഗ്രഹണം രാജീവ് രവിയും ഷൈജു ഖാലിദും ചേര്‍ന്നാണ്. എഡിറ്റ്-സൈജു ശ്രീധരൻ.

ചിത്രം ജൂൺ 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.