Entertainment

ഗ്രൗണ്ടില്‍ നിന്നും വെള്ളിത്തിരയിലെ ആക്ഷനിലേക്ക്; വിക്രം ചിത്രത്തില്‍ ഇര്‍ഫാന്‍ പഠാനും

വിക്രം നായകനാകുന്ന അജയ് ജ്ഞാനമുത്തു ചിത്രത്തിന്‍റെ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രമിന്‍റെ അമ്പത്തിയെട്ടാമത്തെ ചിത്രം കൂടിയായ ഇത് പേര് വെളിപ്പെടുത്താത്തതിനാല്‍ ചിയാന്‍58 എന്ന ഹാഷ് ടാഗിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഏവര്‍ക്കും ഇരട്ടി ആവേശം തരുന്ന വാര്‍ത്തകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ഒക്ടോബര്‍ നാലിന് ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരം പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ ഇര്‍ഫാന്‍ പഠാനാണ് ആ ക്രിക്കറ്റ് താരം. സംവിധായകന്‍ അജയ് തന്‍റെ ട്വിറ്ററിലൂടെ വാര്‍ത്തക്കൊപ്പം ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു. പ്രേക്ഷകരുടെ മുന്നിലേക്ക് താങ്കളുടെ പുതിയ അവതാരം വരുന്നതിലുള്ള കാത്തിരിപ്പിലാണ്. ഇനി കുറച്ച് കിടിലന്‍ ആക്ഷനുകളുടെ സമയമാണ്. സംവിധായകന്‍ ട്വീറ്റില്‍ കുറിച്ചു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ വിക്രം 25 ഗെറ്റപ്പുകളിലാണ് എത്തുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയാക്കോം18 സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം തിയേറ്ററിലെത്തിക്കുക. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് എ.ആര്‍ റഹ്മാനാണ്.