ആരാധകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയായിരുന്നു അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ വിജയകാന്ത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമാണ്. ഈ ചിത്രത്തോടെയാണ് ആരാധകർ വിജയകാന്തിനെ ക്യാപ്റ്റനായി വിശേഷിപ്പിക്കാൻ തുടങ്ങിയത്. തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്.
1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തി. പിന്നാലെ, ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ ആക്ഷൻ ഹീറോയിലേക്ക് വിജയകാന്ത് മാറി. പുരട്ചി കലൈഞ്ജർ എന്നായിരുന്നു ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്.
നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്ഷൻ സിനിമകൾ പ്രേക്ഷകപ്രീതി ഉയർത്തി. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്.
1994-ൽ എം.ജി.ആർ പുരസ്കാരം, 2001-ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി. 1952 ഓഗസ്റ്റ് 25 ന് മധുരയിൽ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗർസ്വാമി എന്നാണ്. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ.
2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളൂ. ഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്. രോഗാവസ്ഥ മൂർച്ഛിച്ച കാലത്താണ് കേരളത്തിന് ഒരു കോടി രൂപ പ്രളയ ഫണ്ടിലേക്കായി അദ്ദേഹം നൽകിയിരുന്നു.