Entertainment

വിജയ് സേതുപതി ചിത്രം ‘സിന്ധുബാദ്’ റിലീസ് നീട്ടി

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സിന്ധുബാദിനായി പ്രേക്ഷകര്‍ ഒരല്‍പം കൂടി കാത്തിരിക്കണം. തീയറ്ററുകളിലെത്താനിരുന്ന എസ്.യു അരുൺകുമാർ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി പിന്നീട് തീരുമാനിക്കും.

വിജയ് സേതുപതിക്കൊപ്പം മകനും വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രമാണ് സിന്ധുബാദ്. സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതിയും സിന്ധുബാദിലൂടെ അരങ്ങേറ്റം കുറിക്കും. അഞ്ജലിയാണ് ചിത്രത്തിലെ നായിക.

സംവിധായകന്‍ എസ്.യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സിന്ധുബാദ്. കാമുകിയെ തേടി വിജയ് സേതുപതിയുടെ കഥാപാത്രം നടത്തുന്ന യാത്രയും നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രത്തിന്റെ പ്രമേയം. മറ്റൊരു പ്രത്യേകത യുവന്‍ ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ്. യുവന്‍ തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

ലിൻക, വിവേക് പ്രസന്ന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വൻസൻ മൂവീസ്, കെ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ എസ്.എൻ രാജരാജനും ഷാൻ സുദർശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.