നിര്‍മാതാവിന്റെ അവസ്ഥയറിഞ്ഞ് പെരുമാറുന്ന നടനായിരുന്നു വിജയകാന്ത്. സൂപ്പര്‍താര പദവിയില്‍ എത്തിയപ്പോഴും അദ്ദേഹം പ്രതിഫലത്തില്‍ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നു. അതിഥിവേഷത്തിലെത്തിയ പല സിനിമകളിലും അദ്ദേഹം പ്രതിഫലം പോലും വാങ്ങിയിരുന്നില്ല. താന്‍ വൈകിയ കാരണം ഒരു സിനിമയുടെ ചിത്രീകരണം പോലും മുടങ്ങരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു വിജയകാന്ത് തുടക്ക കാലത്ത് ചെയ്തതില്‍ അധികവും.154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്.
സിനിമകള്‍ സൂപ്പര്‍ഹിറ്റായതിന് ശേഷം മാത്രമാണ് വിജയകാന്ത് പല അവസരങ്ങളിലും പ്രതിഫലം പറ്റിയിരുന്നത്. സിനിമ പരാജയപ്പെട്ടാല്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം വെട്ടിക്കുറക്കാന്‍ അദ്ദേഹം തയ്യായായിരുന്നു. സമയത്തിന്റെ കാര്യത്തില്‍ വലിയ കാര്‍ക്കശ്യമുള്ള നടനായിരുന്നു വിജയകാന്ത്. ഒരേ സമയം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്ന അവസരത്തിലും അദ്ദേഹം സമയത്തില്‍ കൃത്യത പാലിച്ചു.
നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ എന്ന് വിളിച്ചുതുടങ്ങിയത്.ഒരുപാട് പുതുമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന താരം കൂടിയാണ് വിജയകാന്ത്. മണ്‍സൂര്‍ അലിഖാന്‍, ശരത്കുമാര്‍, അരുണ്‍ പാണ്ഡ്യന്‍ തുടങ്ങിയവരെല്ലാം അതിന് ഉദാഹരണമാണ്.