Entertainment Movies

മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിദ്യാ ബാലനാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളാ ദേവി. വെള്ളിത്തിരയില്‍ ശകുന്തളാ ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാ ബാലന്‍. ശകുന്തളാ ദേവിയുടെ തന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വിദ്യാ ബാലന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷവും വിദ്യാ ബാലന്‍ ശകുന്തള ദേവി എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ പങ്കുവച്ചു. ചിത്രത്തിനായി പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.

അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്ക് വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിച്ചാണ് ശകുന്തളാ ദേവി ശ്രദ്ധ നേടുന്നത്. കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തില്‍ ഗണിത സമവാക്യങ്ങള്‍ പരിഹരിച്ച ശകുന്തളാ ദേവി ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്.