മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരച്ഛനും മകനും ഒരുമിച്ച് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. സുനാമി എന്ന കുടുംബ ചിത്രമാണ് നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി ലാൽ, ജീൻ പോൾ ലാൽ എന്നിവര്‍ സംവിധാനം ചെയുന്നത്. ഇവരുടെ കൂടിചേരല്‍ ചരിത്രമാണെന്ന് നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സുനാമിയുടെ ചിത്രീകരണം തുടരുകയാണ്. ഫെബ്രുവരി 25 ന് ചിത്രീകരണം ആരംഭിച്ച സുനാമി തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി പുരോഗമിക്കുന്നു. ഇതിനിടെ ചിത്രത്തിന്റെ മേക്കിങ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. വന്‍ വിജയമായ പൃഥിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുനാമി. ഒരു നിഷ്കളങ്ക സത്യകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് സുനാമി പ്രേക്ഷകരിലേക്കെത്തുക.
ബാലു വർഗീസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്-രതീഷ് രാജ്, സംഗീതം-യാക്സൻ ഗാരി പെരേര, നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനൂപ് വേണുഗോപാൽ.