Entertainment

കത്രികയില്‍ കുടുങ്ങിയില്ല, ട്രാന്‍സിന് യു.എ സര്‍ട്ടിഫിക്കറ്റ്; റിലീസ് തിയതി മാറ്റി

പ്രഖ്യാപിച്ചത് മുതല്‍ സസ്പെന്‍സുകള്‍ സമ്മാനിച്ചാണ് ട്രാന്‍സ് സിനിമ വാര്‍ത്തകളില്‍ എല്ലായപ്പോഴും ഇടം പിടിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തെ കേരള സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 17 മിനുറ്റിന് മുകളില്‍ കട്ട് നിര്‍ദ്ദേശിച്ചത് ആരാധകര്‍ക്കിടയില്‍ വലിയ നിരാശ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ മര്‍മ്മ പ്രധാനമായ രംഗമാകാം ഇതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലൂടെ ആസ്വാദകരമായ സിനിമാ അനുഭവത്തിന് ഭംഗം വരികയാണ് ചെയ്യുകയെന്നും വലിയ ആരോപണം ഉയര്‍ന്നിരുന്നു. രംഗം പൂര്‍ണമായും നീക്കം ചെയ്യാന്‍ തയ്യാറാകാത്ത സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ചിത്രം മുബൈയിലെ റിവൈസിംഗ് കമ്മറ്റിക്ക് അയക്കുകയും പുതിയ ഫലം ലഭിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിലെ ഒരു രംഗവും നീക്കം ചെയ്യാത്ത റിവൈസിംഗ് കമ്മിറ്റി യു.എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയത്. നേരത്തെ ഫെബ്രുവരി 14ന് റിലീസ് തിയതി പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 20നാകും തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി നായകന്‍ ഫഹദ് ഫാസില്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫഫദ്-നസ്രിയ താരജോടികള്‍ ഒന്നിക്കുന്ന ട്രാന്‍സ് ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ് ഫഹദ് ട്രാന്‍സില്‍ പ്രേക്ഷകരിലെത്തുന്നത്. വിൻസെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. 2014-ൽ പുറത്തിറങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’മാണ് അമൽ നീരദ് ഇതിനുമുൻപ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം.

ഏഴുവര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാന്‍സ്. ഫഹദിനെയും നസ്രിയെയും കൂടാതെ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ട്രാൻസി’ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ “പുഴുപുലികൾ…” എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്. ‘ട്രാൻസി’ലെ ‘എന്നാലും മത്തായിച്ചാ’ എന്ന ഗാനം പാടിയിരിക്കുന്നത് നടന്‍ സൗബിൻ ഷാഹിർ ആണ്. സൗബിൻ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ‘ട്രാൻസി’ന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് നിർവഹിക്കുന്നത്.

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ ആണ്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’.

വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് -റോണക്‌സ് സേവ്യര്‍ എന്നിവര്‍ നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്. വാർത്ത പ്രചരണം -എ.എസ് ദിനേശ്, ആതിര ദിൽജിത്ത്. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ട്രാന്‍സ് എ ആന്‍ഡ് എ റിലീസ് തീയറ്ററുകളിൽ എത്തിക്കും.