Entertainment

ടൊവിനോ തോമസ് വിദ്യാർഥിയെ നിര്‍ബന്ധിച്ച് കൂവിപ്പിച്ചു; നടപടിക്കൊരുങ്ങി കെ.എസ്.യു

സദസിൽ കൂവിയതിന് വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് നടൻ ടൊവിനോ തോമസ്. വയനാട്ടിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലായിരുന്നു സംഭവം. ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്‍.യു അറിയിച്ചു.

മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് മുഖ്യാതിഥിയായി എത്തിയ നടൻ ടൊവിനോ തോമസ് വിദ്യാർഥിയെ പരസ്യമായി അവഹേളിച്ചത്. പ്രസംഗത്തിനിടെ കൂവിയ വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിക്കുകയായിരുന്നു.

ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവിയപ്പോൾ അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ നടപടി.

കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം മാനന്തവാടിയിൽ നടത്തിയ പൊതുചടങ്ങിലെ ഉദ്ഘാടകനായിരുന്നു ടൊവിനോ. വിദ്യാർഥിയെ പൊതു ജനമധ്യത്തിൽ അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ തീരുമാനിച്ചെന്ന് കെ.എസ്‌.യു അറിയിച്ചു. കെ.എസ്‍.യു ഇന്ന് എസ്‌.പിക്ക് പരാതി നല്‍കും