ചിത്രത്തിന്‍റെ ബജറ്റ് 40 കോടിക്കു മുകളില്‍ എത്തിയപ്പോഴാണ് വിശാലും സംവിധായകനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായത്.
തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധായകന്‍ മിഷ്കിനെതിരെ തുറന്നടിച്ച് ചിത്രത്തിന്‍റെ നായകനും നിര്‍മാതാവുമായ വിശാല്‍. ചിത്രത്തിന്‍റെ ഷൂട്ടിനിടെ സംവിധായകനായ മിഷ്കിന്‍ പിന്മാറിയിരുന്നു. ചിത്രീകരണം ആരംഭിച്ച് ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയായ സമയത്താണ് സംവിധായകന്‍റെ പിന്മാറ്റം. ചിത്രത്തിന്‍റെ ബജറ്റ് 40 കോടിക്കു മുകളില്‍ എത്തിയപ്പോഴാണ് വിശാലും സംവിധായകനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായത്. ഇതിനെത്തുടര്‍ന്ന് മിഷ്കിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് വിശാല്‍ സംവിധായകന്‍റെ തൊപ്പി അണിയുകയും ചിത്രീകരണം ഏറ്റെടുക്കുകയും ചെയ്തു. ചിത്രം പൂര്‍ത്തിയാക്കാനുള്ള തുക നിര്‍മാതാവിന്‍റെ കയ്യില്‍ ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് മിഷ്കിന്‍ പ്രതികരിച്ചത്.
എന്നാല്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു വിശാലിന്‍റെ പ്രതികരണം. 13 കോടിയോളം രൂപ മിഷ്കിന്‍ അനാവശ്യമായി ചെലവഴിച്ചു കളയുകയായിരുന്നുവെന്നാണ് വിശാലിന്‍റെ പ്രതികരണം. ‘13 കോടി രൂപയാണ് മിഷ്കിൻ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞത്. എന്തിനാണ് സംവിധായകൻ ഒരു സിനിമയെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്നത്. സിനിമ പൂർത്തിയാക്കാൻ എന്റെ കൈയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടാണോ? അതോ സിനിമയുടെ നല്ലതിനു വേണ്ടി സംവിധായകനോട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതു കൊണ്ടാണോ?’ വിശാൽ ചോദിച്ചു.
കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നപ്പോള്‍ ചിലവായത് 13 കോടിയോളം രൂപയാണ്, ലൊക്കേഷനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തത് കൊണ്ടു തന്നെ നാലു മണിക്കൂര്‍ വരെയാണ് ഒരോ ദിവസങ്ങളിലും ഷൂട്ട് നടന്നത്. ഇതു മൂലം ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ് 15 ലക്ഷത്തോളം വരെ പോയി. വിശാല്‍ പറഞ്ഞു.