Entertainment

ജാഡ ആണെന്ന് പറഞ്ഞു, ട്രോളുകൾ വേദനിപ്പിച്ചു

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരനെ പിന്നീട് വളരെ കുറച്ച് മലയാള സിനിമകളിലേ കണ്ടിട്ടുള്ളൂ. മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കാറാനുണ്ടായ കാരണം തുറന്നുപറയുകയാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അനുപമ.

”പ്രേമത്തിന്റെ റിലീസിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ എനിക്കെതിരെ ആക്രമണങ്ങളുണ്ടായി. എനിക്ക് ജാഡയാണെന്ന് പറഞ്ഞു. എന്നെ അഹങ്കാരിയെന്ന് വിളിച്ചു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഞാൻ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത പലരും എന്നോട് പറഞ്ഞത് കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോ​ഗിക്കാനാണ്. ഞാൻ തൃശ്ശൂർ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ആലോചിക്കാതെ അവർ പറയുന്നത് അതേപടി അനുസരിച്ചു. കുറെ അഭിമുഖങ്ങൾ നൽകി. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം ആളുകൾ എന്നെ പരിഹസിക്കാൻ തുടങ്ങി. ഞാൻ കുറച്ച് നേരം മാത്രമേ സ്ക്രീനിലുള്ളൂ. അത് തന്നെയായിരുന്നു പരിഹാസങ്ങൾക്ക് കാരണമായി തീർന്നത്. ഞാൻ അഭിമുഖങ്ങൾ നൽകിയത് എന്റെ വ്യക്തിപരമായ വളർച്ചയ്ക്ക് വേണ്ടിയായിരുന്നുവെന്ന് പലരും പറഞ്ഞു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. എനിക്ക് വന്ന ചില അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചു. അതിനിടെ തെലുങ്ക് സിനിമയിൽ നിന്ന് അവസരം വന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ല, പൊങ്ങച്ചം മാത്രമേയുള്ളൂ എന്നാണ് ചിലർ പറഞ്ഞത്. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് തെലുങ്കിൽ നെ​ഗറ്റീവ് കഥാപാത്രം ചെയ്തു. പുതിയ ഭാഷകൾ പഠിക്കാൻ ആരംഭിച്ചു. അങ്ങനെയാണ് തെലുങ്കിന് പിന്നാലെ തമിഴിലുമെത്തിയത്”- അനുപമ പറയുന്നു.

പ്രേമത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമായി കരുതുന്നുവെന്നും അനുപമ പറഞ്ഞു. ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നതിന്റെ കാരണവും ആ ഒരൊറ്റ ചിത്രമാണ്. അനുപമയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് മേരി എന്ന കഥാപാത്രത്തിലൂടെയാണ്. അൽഫോൺസ് പുത്രൻ ഒരു മാലാഖയെപ്പോലെ വന്ന് തന്റെ ജീവിതത്തെ മാറ്റി മറച്ചു. അതുകൊണ്ടാണ് വീടിന് പ്രേമം എന്ന് പേരിട്ടതും. ഈ കോവിഡ് പ്രതിസന്ധിയിലും സിനിമയുടെ അഞ്ചാം വാർഷികം ആളുകൾ ഓർത്തു. പ്രേമത്തിന് ശേഷം വ്യത്യസ്ത തെന്നിന്ത്യൻ ഭാഷകളിലായി 13 ചിത്രങ്ങൾ ചെയ്തെന്നും അനുപമ പറഞ്ഞു.

ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകനാണ് അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുമുണ്ട് അനുപമ. തനിക്ക് സിനിമയിൽ എട്ട് ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോയപ്പോൾ ആ ടീമിനെ മിസ് ചെയ്യുന്നുവെന്ന് ദുൽഖറിനോട് പറഞ്ഞു. അപ്പോൾ ദുൽഖറാണ് അസിസ്റ്റ് ചെയ്തൂടേ എന്ന് ചോദിച്ചത്. ഏറ്റവും ആവേശകരമായ ദിവസങ്ങളായിരുന്നു അത്. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ താനും സംവിധായിക ആവുമെന്ന് അനുപമ പറഞ്ഞു.