Entertainment

കേരളാ സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം

വിവാദ ചലച്ചിത്രം കേരളാ സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം. ജില്ലാ കളക്ടർമാർക്കും, പൊലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ സംഘർഷവും പ്രതിഷേധവുമുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നടപടി. (kerala story release tamilnadu)

അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളി. സിനിമയ്ക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. സമാനമായ ഹർജികൾ സുപ്രിം കോടതിയും കേരള ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. അനിഷ്ട സംഭവങ്ങൾ തടയാൻ നടപടികൾ റിലീസ് കേന്ദ്രങ്ങളിൽ ഉണ്ടാകണമെന്ന് ഡിജിപി ശൈലേന്ദ്രബാബു പൊലീസ് സേനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് ഇന്ന് തീയറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. സബ്‌ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്‌ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇതോടെ ചിത്രം ഇന്ന് തമിഴ്‌നാട്ടിലും പ്രദർശനം നടത്തും.

ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു. കേരളത്തിൽ 21 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദർശനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ നടക്കും.

സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യൻ’ എന്നിവ നീക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂർണമായി നീക്കി. ആകെ 41 സെക്കൻഡാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്.