ബിഗില്‍ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കേസില്‍, ആദായ നികുതി വകുപ്പിന് മുമ്പാകെ ഹാജരാകാൻ കൂടുതൽ സമയം തേടി നടൻ വിജയ് അപേക്ഷ നൽകി. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും അവധിയെടുത്താൽ നിർമാതാവിന് വലിയ നഷ്ടമുണ്ടാകുമെന്നും കാണിച്ചാണ് വിജയ്‌യുടെ അപേക്ഷ. മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന് കാണിച്ച് ഇന്നലെയാണ് വിജയിക്ക് നോട്ടീസ് ലഭിച്ചത്.
നെയ്‍വേലിയില്‍ ഷൂട്ടിംഗ് പുരോഗമിയ്ക്കുന്ന മാസ്റ്റര്‍ സിനിമയുടെ സെറ്റിലാണ് വിജയ് ഉള്ളത്. നേരത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധനയും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു. ഇനിയും ഇതുണ്ടായാല്‍ നിര്‍മാതാവിന് വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും ഷെഡ്യൂള്‍ തീര്‍ന്നതിനു ശേഷം ഹാജരാകാമെന്നുമാണ് വിജയ് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഐടി വകുപ്പ് ഇനിയും തീരുമാനം പറഞ്ഞിട്ടില്ല. ബിഗില്‍ സിനിമയുടെ നിർമാതാക്കളായ ഏജിഎസ് കമ്പനി ഉടമ കല്‍പ്പാത്തി അഘോരം, സിനിമയ്ക്ക് സാമ്പത്തിക സഹായം ചെയ്ത അൻപു ചൊഴിയാൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ആദായ നികുതി പരിശോധനയില്‍ ഒരു തരത്തിലുള്ള പ്രതികരണവും വിജയ്‍യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍, നെയ്‍വേലിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും താരം ആരാധകര്‍ക്കൊപ്പം പകര്‍ത്തിയ സെല്‍ഫി ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു. റെയ്ഡിനു ശേഷം ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ആരാധകരുടെ വലിയ കൂട്ടം തന്നെ നെയ്‍വേലിയിലുണ്ട്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് വിജയും നിർമാതാവും നൽകിയ സത്യവാങ്മൂലത്തിൽ വൈരുധ്യമുള്ളതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് വിജയ്‍യെ മണിക്കൂറുകളോളം ചെന്നൈയിൽ ചോദ്യം ചെയ്തത്.