ഏതാണ്ട് യുവപ്രായത്തിന്റെ ആരംഭം മുതലേ ഈ കുറിപ്പുകാരന്റെ തലയിൽ നിന്നും രോമങ്ങൾ വിടപറഞ്ഞു തുടങ്ങിയിരുന്നു. ശരീരസൗന്ദര്യം, ആരോഗ്യം എന്നിത്യാദി കാര്യങ്ങളിൽ വലിയ ശ്രദ്ധയോ പിടിവാശിയോ ഇല്ലാത്തതു കൊണ്ടോ സ്വൽപം നേരത്തേ തന്നെ ഗാർഹസ്ഥ്യം എന്ന പരമപദം പ്രാപിച്ചിരുന്നതിനാലോ എനിക്കത് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കിയില്ല എന്നതാണ് സത്യം.
പിന്നെ, കൂട്ടിന് ഒരിക്കലൊരു സ്വകാര്യ സംഭാഷണത്തിനിടയിൽ ആത്മസുഹൃത്തും എഴുത്തുകാരനുമായ ഷിഹാബുദ്ദീന്‍ പൊയ്‍തുംകടവ് പറഞ്ഞ ഒരു തമാശയുമുണ്ടായിരുന്നു. അദ്ദേഹം ഇതെവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല. എന്റെ മുടിനാരുകൾ അഭിമാനികളാണ്, അതിനാലവ നരയ്ക്കുമ്മുമ്പേ കൊഴിഞ്ഞുപോകുന്നു എന്നതായിരുന്നത്.
പക്ഷേ, കാര്യങ്ങളെ ഇങ്ങനെ തമാശയായിട്ട് കാണാൻ കോളജധ്യാപകനായ ശ്രീനിവാസന് (വിനയ് ഫോര്‍ട്ട്) പറ്റുമായിരുന്നില്ല. കോണ്‍ഫിഡൻസിന്റെ ഗ്രാഫ് വളരെ താഴ്ന്നു നില്‍ക്കുന്ന ഒരാൾ. ഞാൻ പ്രൊഫസർ ശ്രീനിവാസൻ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നതിൽത്തന്നെയുണ്ട് അയാളനുഭവിക്കുന്ന ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സ്. ഇന്റേണൽ മാർക് കൂട്ടിക്കിട്ടാൻ വേണ്ടി അയാളോടപേക്ഷിക്കുന്ന ശ്രീജിത് എന്ന വിദ്യാർത്ഥി (ഷാഹിദ് എം ഷമീം) എടുത്തിടുന്ന ഒരു കൊളുത്തിൽ അയാൾ പെട്ടുപോകുന്നതും ഈ ലോ കോണ്‍ഫിഡൻസ് കാരണം തന്നെ.