Entertainment

താണ്ഡവ് പരമ്പരയിൽ തിരുത്തലുകൾ വരുത്താൻ നിർമാതാക്കൾ

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കപ്പെട്ട ആമസോൺ പരമ്പര താണ്ഡവിൽ തിരുത്തലുകൾ നടത്താൻ നിർമ്മാതാക്കൾ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണകാര്യ‌ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ടാം വട്ട ചർച്ചകൾക്ക് ശേഷമാണ് നിർമാതാക്കൾ ഇത് വ്യക്തമാക്കിയത്.

തിങ്കളാഴ്ച്ച നിരുപാധികം ക്ഷമ ചോദിക്കുകയും വിശദീകരണം നൽകിയതിന് ശേഷമാണ് പുതിയ നീക്കം.

“നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. ഒരു വ്യകതിയുടെയോ, ജാതിയുടെയോ, സമൂഹത്തിന്റെയോ മതത്തിന്റെയോ മത വിശ്വാസങ്ങളുടെയോ വികാരങ്ങൾ വൃണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ ആഹേളിക്കുവാനോ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല ” സംവിധായകൻ അബ്ബാസ് അലി സഫർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

“പരമ്പരക്കെതിരെ ഉയർന്ന പരാതികൾ പരിഗണിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.ഈ വിഷയത്തിൽ വാർത്താ വിതരണ മന്ത്രാലയം നൽകിയ ഉപദേശങ്ങൾക്ക് നന്ദിയുണ്ട്”. കേന്ദ്ര മന്ത്രാലയവും ആമസോൺ പ്രതിനിധികളും പരമ്പര നിർമാതാക്കളും തമ്മിൽ രണ്ടു ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്.