Entertainment

ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍; ട്രാന്‍സ് നടിമാരെ ഒഴിവാക്കിയതില്‍ വിമര്‍ശനം

ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍ വേഷമിടാനൊരുങ്ങുന്നതിനിടെ വിമര്‍ശനം. നിരവധി ട്രാന്‍സ് വ്യക്തികള്‍ അഭിയന രംഗത്തുണ്ടെന്നും ആ വേഷത്തിലേക്ക് ഒരു ട്രാന്‍സ്‌വുമണ്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമര്‍ശനമുയരുന്നത്.

സുസ്മിത സെന്‍ നായികയാകുന്ന ബോളിവുഡ് ചിത്രത്തിലേക്ക് ട്രാന്‍സ് വുമണായി അഭിനയിക്കാന്‍ ഒഡീഷന്‍ നടന്നിരുന്നു. ചിത്രത്തിലെ നായികയുടെ കൂട്ടുകാരിയായി അഭിനയിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ നവ്യ സിങുമുണ്ടായിരുന്നു. ഓഡീഷന് ശേഷം നിങ്ങളൊരു സ്ത്രീയാണോ പുരുഷനാണോ, ആരാണ് നിങ്ങളെന്ന് നവ്യ സിങിനോട് കാസ്റ്റിങ് സംവിധായകരില്‍ ഒരാള്‍ ചോദിച്ചു. നവ്യ തന്നെയാണ് ഈ അനുഭവം പങ്കുവച്ചത്. തന്റെ ഹൃദയം കാല്‍ക്കീഴിലേക്ക് തകര്‍ന്നുവീഴുന്നതായി തോന്നി എന്നാണ് ഈ അനുഭവം പങ്കുവച്ച് നവ്യ സിങ് പ്രതികരിച്ചത്.

ബോളിവുഡിലെ ഒരു അഭിനേത്രി എന്ന നിലയില്‍ ഇത്തരം കമന്റ് താന്‍ ശീലിച്ചുവെന്നും പക്ഷേ അതൊരിക്കലും എളുപ്പമായിരുന്നില്ല എന്നും നവ്യ പറഞ്ഞു. ചിത്രത്തിലെ ഗൗരി സാവന്ത് എന്ന ലീഡിങ് റോളിലെ സ്ത്രീയുടെ കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാത്ത ഒരു നടിയിലേക്കാണ് എത്തിയതെന്നറിഞ്ഞപ്പോള്‍ വിഷമമുണ്ടായെന്ന് നവ്യ പ്രതികരിക്കുന്നു. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. എന്തുകൊണ്ടാണ് ഇപ്പോഴും ഒരു ലീഡിങ് റോളിലേക്കെത്തുമ്പോള്‍ ട്രാന്‍സ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റ് നടിമാരെ തെരഞ്ഞെടുക്കുന്നതെന്നും ട്രാന്‍സ് റോളുകള്‍ക്കായി കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെ നടിമാരെ തെരഞ്ഞെടുക്കണമെന്നുമാണ് ആവശ്യം. ബോളിവുഡില്‍ നിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടെന്നും വിമര്‍ശനങ്ങളുണ്ട്.