Entertainment

‘ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർ കിളി പോയവർ; വിമർശനങ്ങൾ അസൂയകൊണ്ട്’; സുരേഷ് ​ഗോപി

നടി ലെനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ സുരേഷ്​ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർക്ക് കിളി പോയി കിടക്കുകയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും സുരേഷ്​ഗോപി പറയുന്നു.പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിലാണ് താരത്തിന്റെ പരാമർശം. ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ലെനയ്ക്ക് എപ്പോളാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്‌ഷൻ സെക്‌ഷൻ ഇവിടെ വയ്ക്കണമെന്ന് സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിലർക്ക് സഹിക്കില്ല. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയുമെന്ന് സുരേഷ് ​ഗോപി. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. നല്ല മനസിന്റെ സൃഷ്ടി വേണം. കെട്ടുപോകാതെ മനസിന് എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. ഇവരൊന്നും മതത്തിന്റെ വക്താക്കളല്ലെന്നും സുരേഷ് ​ഗോപി പറയുന്നു.

ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ ഇന്ററാക്‌ഷൻ നടത്തണം. എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നെന്നും 63 വയസ്സുവരെ ജീവിച്ചിരുന്നുവെന്നുമുള്ള പരാമർശങ്ങൾ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.