നാല് വർഷം സിനിമ ജീവിതത്തിൽ നിന്നും മാറി നിന്നശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ചല്ല, താൻ അഭിനയിച്ച പഴയ ചിത്രങ്ങളെക്കുറിച്ചാണ് സുരേഷ്
ഗോപി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.
താൻ അഭിനയിച്ച സിനിമകൾ ടിവിയിൽ വരുമ്പോൾ കാണാൻ നിൽക്കാറില്ലെന്നാണ് താരം പറയുന്നത്. എന്നാൽ മമ്മൂട്ടി നായകനായെത്തിയ രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എത്ര തവണ ടിവിയിൽ വന്നാലും മുടങ്ങാതെ ഇരുന്നു കാണുമെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. പ്രാഞ്ചിയേട്ടൻ കുറഞ്ഞത് 20 തവണയെങ്കിലും കണ്ടിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുപോലെത്തന്നെ, ജയസൂര്യ നായകനായെത്തിയ കോക്ടെയിൽ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.