Entertainment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി യുവനടന്‍ സണ്ണിവെയ്ന്‍

കേന്ദ്രസർക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി യുവനടന്‍ സണ്ണിവെയ്ന്‍. 1945ൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കർ’ എന്ന ഹൃസ്വചിത്രത്തിലെ രംഗമാണ് സണ്ണി വെയ്ൻ പ്രതിഷേധ രൂപത്തില്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 22 മിനുറ്റോളമുള്ള ഹൃസ്വചിത്രത്തിലെ രണ്ടേ കാല്‍ മിനുറ്റോളമുള്ള പ്രധാന ഭാഗമാണ് സണ്ണിവെയ്ന്‍ പങ്കുവെച്ചത്.

അമേരിക്കന്‍ തെരുവിലെത്തിയ വംശീയവാദി അവിടുത്തെ വിദേശികളെ പുറത്താക്കണമെന്നും അവര്‍ യഥാര്‍ത്ഥ അമേരിക്കക്ക് അപകടമാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തങ്ങളുടെ ജോലികളും സമ്പത്തും ഇവിടെയെത്തിയ നീഗ്രോകളും വിദേശികളും കത്തോലിക്കരും കവർന്നെടുക്കുകയാണെന്നും ഇവരെ തങ്ങളുടെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നും വംശീയവാദിയായ പ്രസംഗകന്‍ ആഹ്വാനം ചെയ്യുന്നതും ഇതേ സംബന്ധിച്ച് കാഴ്ചക്കാരായ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതുമായ രംഗമാണ് സണ്ണി വെയിൻ പങ്കുവെച്ചത്. ജർമനിയിൽ നിന്ന് നാസികളുടെ വംശീയതയെതുടര്‍ന്ന് പൊറുതിമുട്ടി നാടുവിട്ട ഹംഗേറിയൻ അഭയാർഥിയായ പ്രഫസർ കൂടെകേള്‍ക്കുന്നവന് നാസികളുടെ ഭാഷയാണ് ഇപ്പോള്‍ അമേരിക്കയില്‍ കേൾക്കുന്നതെന്നു പറഞ്ഞുകൊടുക്കുന്നതും മുമ്പ് ബെര്‍ലിനില്‍ ഇത് പോലെ കേട്ടപ്പോള്‍ അന്നത് നാസികളുടെ കിറുക്കത്തരം എന്ന് മാത്രമാണ് കരുതിയിരുന്നതെന്നും പ്രഫസര്‍ കൂടെയുള്ളവന് പറഞ്ഞുകൊടുക്കുന്നു.

നീഗ്രോകളെയും വിദേശികളെയും കത്തോലിക്കരെയും കൽപ്പണിക്കാരെയും പുറത്താക്കണം എന്ന് പറയുന്ന പ്രസംഗകനെ പിന്തുണക്കുന്ന കൽപ്പണിക്കാരനായ കേള്‍വിക്കാരന്‍ പിന്നീട് താനടക്കമുള്ളവരെയും പുറത്താക്കണമെന്ന് പറയുന്നതോടെ അസ്വസ്ഥമാവുന്നതും പ്രഫസര്‍ പണ്ട് നാസി ജര്‍മനിയില്‍ സംഭവിച്ചത് വിശദമായി പറഞ്ഞുമനസ്സിലാക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

മതാടിസ്ഥാനത്തിൽ പൗരത്വം ഉറപ്പുവരുത്തുന്ന മോദി സർക്കാരിന്റെ പുതിയ നിയമം പുറത്തുവന്ന് രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ തുടരുന്നിതിനിടെയാണ് സമരങ്ങളെ പിന്തുണച്ച് നടന്‍ സണ്ണി വെയ്ന്‍ രംഗത്തുവന്നത്. മലയാള സിനിമയില്‍ നിന്ന് നേരത്തെ നായിക പാര്‍വതിയും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ‘നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നുണ്ട്. എന്നാൽ ഇതൊരിക്കലും നാം അനുവദിച്ചുകൊടുക്കരുതെന്നായിരുന്നു’ പൗരത്വ ഭേദഗതി ബില്ലിനെതിരേ പാർവതി ട്വിറ്ററില്‍ കുറിച്ചത്.