Entertainment

ഹലോ സണ്ണി ലിയോണല്ലേ? ദിവസവും നിരവധി ഫോണ്‍ കോളുകള്‍, നട്ടംതിരിഞ്ഞ് യുവാവ്

ഹലോ സണ്ണി ലിയോണിന്‍റെ നമ്പറല്ലേ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളും മെസേജുകളും കാരണം നട്ടംതിരിഞ്ഞിരിക്കുകയാണ് ഒരു യുവാവ്. രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും യുവാവിനെ വട്ടം ചുറ്റിക്കുന്നത്. ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ ആണ് ബോളിവുഡ് നടി സണ്ണി ലിയോണ്‍ കാരണം വലഞ്ഞ ആ യുവാവ്.

സണ്ണി ലിയോണിന്റെ കഴിഞ്ഞ ദിവസം റിലീസായ അര്‍ജുന്‍ പാട്യാല എന്ന സിനിമയാണ് യുവാവിന് പൊല്ലാപ്പായി മാറിയത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. ഈ നമ്പര്‍ ശരിക്കും പുനീത് അഗര്‍വാളാണ് ഉപയോഗിക്കുന്നത്. ഈ നമ്പറിലേക്കാണ് ജൂലൈ 26 മുതല്‍ സണ്ണി ലിയോണിനോട് സംസാരിക്കണം എന്ന ആവശ്യവുമായി നിര്‍ത്താതെ കോളുകള്‍ വരുന്നത്.

വ്യവസായിയായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത സാഹചര്യമാണ്. പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമായില്ല. ഫോണ്‍ കോളുകള്‍ കാരണം ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് പുനീത് പറയുന്നു.