പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയി വേഷമിട്ടിരുന്ന സുമാദേവിയ്ക്കാണ് ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം. ജി . പ്രജേഷ്സെൻ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമണിലൂടെയാണ് സുമാദേവിക്ക് ഈ നേട്ടം കൈവരിക്കാനായത്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്. തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടിരുന്നു.
തനിക്ക് പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് തൃശൂർ സ്വദേശിയായ സുമാദേവി ട്വന്റി ഫോറിനോട് പറഞ്ഞു. ഈ ചിത്രം ചെയ്യുമ്പോൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല, പുരസ്കാരം ലഭിക്കുമെന്നും കരുതിയിരുന്നില്ല. കാലങ്ങളായി സ്റ്റണ്ട് മാസ്റ്റർ മാഫിയാ ശശിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുന്നുണ്ട്, മാത്രമല്ല വർഷങ്ങളായി സിനിമയിൽ ഡ്യൂപ്പ് ആയി വേഷമിടുന്നുണ്ട് . ദിലീപ് നായകനായ മേരിക്കൊണ്ടൊരു കുഞ്ഞാടാണ് ഡ്യൂപ്പ് ആയി വേഷമിട്ട ആദ്യ ചിത്രം. പിന്നീട് ദിലീപിന്റെ നിരവധി ചിത്രങ്ങളിൽ ഡ്യൂപ്പ് ആയി വേഷമിടാൻ സാധിച്ചു. മമ്മൂട്ടിയുടെ ചിത്രങ്ങളിലും ഡ്യൂപ്പ് ആയി വേഷമിട്ടിട്ടുണ്ടെന്നും സുമാദേവി ട്വന്റി ഫോറിനോട് പറഞ്ഞു.
ഇതിനിടെ വളരെ സ്വാഭാവിക അഭിനയ ശൈലിയാണ് ദി സീക്രട്ട് ഓഫ് വിമണിൽ സുമാദേവിയുടേതെന്ന് സംവിധായകൻ പ്രജേഷ് സെൻ വ്യക്തമാക്കി.
പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് “സീക്രട്ട് ഓഫ് വിമൺ’ . ക്യാപ്റ്റൻ,വെള്ളം,മേരി ആവാസ് സുനോ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപാണ് മറ്റൊരു നായിക. അജു വർഗീസ്, ശ്രീകാന്ത് മുരളി, വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ, ഉണ്ണി ചെറുവത്തൂർ
എന്നിവ പ്രധാനവേഷത്തിലെത്തിയിരിക്കുന്നു.അങ്കിത് ഡിസൂസ, ജിതേന്ദ്രൻ , സാക്കിർ മണോലി, പൂജ മഹി, എന്നിവരും മറ്റ് വേഷത്തിലെത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാർ വി.വിയുടേതാണ് കഥ. എഡിറ്റിങ്-കണ്ണൻ മോഹൻ. ചിത്രം ഉർൻ പ്രേക്ഷകരിലെത്തും.
നിധീഷ് നടേരിയുടെ വരികൾക്ക് , അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ജോഷ്വാ.വി.ജെ ആണ്
പശ്ചാത്തല സംഗീതവും ഇംഗ്ലീഷ് ഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് മ്യൂസിക് റൈറ്സ് സ്വന്തമാക്കിയത്.
കലാ സംവിധാനം-ത്യാഗു തവനൂർ, ഓഡിയോ ഗ്രഫി-അജിത് കെ ജോർജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻ കോട്, സ്റ്റുഡിയോ-ലാൽ മീഡിയ, ഡിഐ-ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ്-സുജിത് സദാശിവൻ, മേക്കപ്പ്-ലിബിൻ മോഹനൻ, കോസ്റ്റ്യൂം-അഫ്രിൻ കല്ലൻ,അസോസിയേറ്റ് ഡയറക്ടേഴ്സ്-വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ,
ഡിഎ-എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്-വിനിത വേണു, സ്റ്റിൽസ്-ലെബിസൺ ഫോട്ടോഗ്രഫി,അജീഷ് സുഗതൻ, ഡിസൈൻ-താമിർ ഓക്കെ പി ആർ ഒ – ആതിര ദിൽജിത്ത്, ഔട്ട്ഡോർ പബ്ലിസിറ്റി – സോളസ് കാലിക്കറ്റ്.