ഫോണില്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് സന്ദേശം അയച്ച ആളെ തുറന്നുകാട്ടി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. ഫേസ് ബുക്കിലാണ് സുചിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുചിത്ര ട്വീറ്റ് ചെയ്തു:
“നാഷണല്‍ ക്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. മുംബൈ പൊലീസ് ദയവായി ശ്രദ്ധിക്കുക. ഫേസ് ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്”.
മുംബൈ പൊലീസിനെ ടാഗ് ചെയ്ത ട്വീറ്റിന് വൈകാതെ മറുപടി ലഭിച്ചു. സംഭവം അന്വേഷിച്ച് നടപടിയെടുക്കാമെന്ന് മുംബൈ പൊലീസ് മറുപടി നല്‍കി. ഉടന്‍ തന്നെ പ്രതികരിച്ചതില്‍ നന്ദിയുണ്ടെന്ന് സുചിത്ര ട്വീറ്റ് ചെയ്തു. തനിക്ക് വേറെ ഭീഷണികളൊന്നുമില്ലെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെന്നേയുള്ളൂവെന്നും സുചിത്ര വ്യക്തമാക്കി. തനിക്ക് ഇങ്ങനെ സന്ദേശം അയക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലെ ദുര്‍ബലരായ പെണ്‍കുട്ടികളോട് എങ്ങനെയായിരിക്കും പെരുമാറുകയെന്നും സുചിത്ര ചോദിച്ചു.
ട്വീറ്റ് സൈബര്‍ പൊലീസിന് കൈമാറിയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുംബൈ പൊലീസ് വീണ്ടും വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ 100ല്‍ വിളിച്ചോ ട്വീറ്റ് ചെയ്തോ അറിയിച്ചാല്‍ കൃത്യമായ ഇടപെടലുണ്ടാകുമെന്നും പൊലീസ് വിശദമാക്കി.