Entertainment

‘മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്’ ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല എന്ന് മുതിര്‍ന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയത്തെ മുന്‍നിര്‍ത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പേരിന്‍റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയ വാദികളാണെങ്കില്‍ സത്യന്‍, പ്രേം നസീര്‍, യേശുദാസ് മുതലായവര്‍ ഔന്നത്യത്തില്‍ എത്തുകയില്ല. മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത് എന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും. പേരിന്റെ കൂടെ മേനോൻ , പിള്ള , നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ , പ്രേംനസീർ , യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. . മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം .

ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും….