മാർവൽ കോമിക്സിൻ്റെ ഏറ്റവും പുതിയ അനിമേഷൻ ചിത്രം ‘സ്പൈഡർമാൻ അക്രോസ് ദ മൾട്ടിവേഴ്സ്’ ലോകമെങ്ങും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഇന്ത്യൻ സ്പൈഡർമാൻ കൂടി ഉള്ളതിനാൽ നമുക്ക് സിനിമ കുറച്ചുകൂടി പ്രിയങ്കരമായി. എന്നാൽ, സന്തോഷം വർധിപ്പിക്കുന്ന ഒരു വാർത്തയാണ് ചിത്രത്തിൻ്റെ അനിമേഷൻ ജോലികളിൽ പങ്കാളികളായവർ പങ്കുവെക്കുന്നത്.
ചിത്രത്തിലെ ഇന്ത്യൻ സ്പൈഡർമാൻ പ്രവിത്ര് പ്രഭാകറിൻ്റെ ചലനങ്ങൾക്കായി അനിമേഷൻ സംഘം റഫർ ചെയ്തത് നമ്മുടെ കേരളത്തിൻ്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റാണെന്നാണ് ചിത്രത്തിൻ്റെ ലീഡ് അനിമേറ്റർ നിക്ക് കോണ്ടോ ട്വീറ്റ് ചെയ്തത്. 2000 വർഷത്തിലധികം പഴക്കമുള്ള, കേരളത്തിൽ നിന്ന് പിറവികൊണ്ട ആയോധന കലയായ കളരിപ്പയറ്റ് പവിത്രിൻ്റെ മോഷൻ സിഗ്നേച്ചറുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പവിത്ര് പ്രഭാകറിൻ്റെ ക്യാരക്ടർ സ്കെച്ച് ആർട്ടിസ്റ്റുകളിൽ പെട്ട, നെറ്റ്ഫ്ലിക്സ് ആർട്ട് ഡയറക്ടർ നവീൻ സെൽവനാഥനും ഇന്ത്യൻ സ്പൈഡർമാൻ്റെ കേരള കണക്ഷനെപ്പറ്റി ട്വീറ്റ് ചെയ്തു. തെയ്യം, യക്ഷഗാനം, കൂത്ത് തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനങ്ങളിൽ നിന്ന് പ്രചോദിതനായാണ് താൻ പവിത്ര് പ്രഭാകറിൻ്റെ ക്യാരക്ടർ ഡിസൈൻ ചെയ്തതെന്ന് നവീൻ ട്വീറ്റ് ചെയ്തു.
കളരിപ്പയറ്റ്, തെയ്യം എന്നിവ പൂർണമായും കേരളത്തിൻ്റേതാണ്. തെയ്യം കർണാടകയുടെ ചില ഭാഗങ്ങളിലുമുണ്ട്. കൂത്ത് തമിഴ്നാട്ടിലും യക്ഷഗാനം കാസറഗോഡും കർണാടകയിലുമാണ് പ്രചാരത്തിലുള്ളത്.
മാർവലിൻ്റെ അനിമേറ്റഡ് സ്പൈഡർമാൻ സിനിമാപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ‘അക്രോസ് ദി മൾട്ടിവേഴ്സ്’. മൈൽസ് മൊറാലസ് എന്ന പയ്യനാണ് ചിത്രത്തിലെ സ്പൈഡർമാൻ. ചിത്രത്തിൻ്റെ ആദ്യഭാഗമായ ‘സ്പൈഡർമാൻ, ഇൻ്റു ദ മൾട്ടിവേഴ്സും’ ലോക വ്യാപക ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ മേക്കിംഗ് ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഒരു കോമിക്ക് ബുക്ക് വായിക്കുന്ന രസവും ഔട്ട് ഓഫ് ദ ബോക്സ് അനിമേഷൻ ടെക്നിക്കുകളുമൊക്കെ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ചിത്രത്തിൻ്റെ അടുത്ത ഭാഗം 2024 മാർച്ചിൽ പുറത്തിറങ്ങും.