ഈ ഞായറാഴ്ച്ച ഏറെ പ്രേത്യകതയുള്ളതാണ്. ലോകം ഇന്ന് അന്താരാഷ്ട്ര മാതൃദിനം ആഘോഷിക്കുന്നു. ജീവിതത്തിൽ പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെ പേര് ”അമ്മ’. നമ്മുടെ ദൈനംദിന ജീവിതത്തിൽ അമ്മമാരുടെ അനുഗ്രഹവും കരുതലുമില്ലാതെ ഒരു ദിവസവും കടന്നുപോകില്ല. ജനനത്തിനു മുമ്പുതന്നെ നമ്മളെ ആലിംഗനം ചെയ്യുന്നത് മുതൽ ഉറക്കമില്ലാത്ത രാത്രികളിൽ പരിചരിക്കുന്നതും നമുക്കായി എപ്പോഴും വേവലാതിപ്പെടുന്നതും അമ്മമാരാണ്. ലോകം മുഴുവൻ അമ്മമാരെ ആദരിക്കുമ്പോൾ, മലയാള സിനിമയിൽ നിറഞ്ഞാടിയ ചില സൂപ്പർ കൂൾ അമ്മമാരെ നോക്കാം…
എന്റെ ‘കൊച്ചുത്രേസ്യ കൊച്ചെ’
ഈ ഒരൊറ്റ ഡയലോഗ് മതി മലയാളിയ്ക്ക് സിനിമ ഏതെന്ന് പിടികിട്ടാൻ. ഷീല അഭിനയിച്ച് തകർത്ത മനസിനക്കരെയിലെ കൊച്ചുത്രേസ്യ എന്ന അടിപൊളി അമ്മയെ മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തിട്ടുണ്ട്. ഷീല അവതരിപ്പിക്കുന്ന കൊച്ചുത്രേസ്യ ഒരു വിധവയാണ്, അവർക്ക് മക്കളും കൊച്ചുമക്കളും ഉണ്ട്. എന്നാൽ അവരുടെ തിരക്കുപിടിച്ച ജീവിതം കൊച്ചുത്രേസ്യയെ തനിച്ചാക്കി. തന്റെ മക്കളുടെ പ്രായത്തിലുള്ള റെജി എന്ന യുവാവിനെ കണ്ടുമുട്ടുന്നത്തോടെ മാറുന്ന കൊച്ചുത്രേസ്യയുടെ ജീവിതമാണ് ചിത്രത്തിൽ കാണിക്കുന്നത്. റെജിയായെത്തുന്ന ജയറാമിന്റെയും ഷീലയുടെ കഥ അത്രയും ഹൃദ്യമായിരുന്നു. ഇരുവരുടെയും കെമിസ്ട്രിയും കൊച്ചു ത്രേസ്യയുടെ കുടുംബത്തോടുള്ള സ്നേഹവും പ്രശംസനീയമാണ്.
നീനയായി നിറഞ്ഞാടി ശോഭന
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീന എന്ന കഥാപാത്രത്തെ ഓർക്കുന്നില്ലേ? നിക്കിയായെത്തുന്ന കല്യാണി പ്രിയദർശന്റെ അമ്മയായാണ് ശോഭന ഇതിൽ എത്തുന്നത്. മലയാള സിനിമ സമ്മാനിച്ച സൂപ്പർ കൂൾ അമ്മമാരിൽ ഒരാൾ. അവിവാഹിതയായ നീന തന്റെ മകൾ നിക്കിയെ ഒരു സുഹൃത്തിനെപ്പോലെയാണ് കാണുന്നത്. നിക്കിക്ക് എല്ലാ കാര്യങ്ങളും അമ്മയുമായി ചർച്ച ചെയ്യാം. നീന എന്ന സൂപ്പർ കൂൾ അമ്മയുടെ കഥാപാത്രത്തെ ശോഭന ഭംഗിയായി അവതരിപ്പിച്ചു. ഓരോ വ്യക്തിയും അവരുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന ഒരു അമ്മയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ നീന.
ഐഷുമ്മയായി എത്തിയ ഉർവശി
‘എന്റെ ഉമ്മാന്റെ പേരു’ എന്ന ചിത്രത്തിൽ ഐഷുമ്മ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളത്തിന്റെ പ്രിയ നടി ഉർവ്വശി അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഹമീദായി ടൊവിനോ തോമസും എത്തുന്നു. ഹമീദിന്റെ യഥാർത്ഥ രക്ഷിതാവ് അല്ല ഐഷുമ്മ. വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞ്, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന, ഒറ്റയ്ക്ക് ജീവിക്കുന്ന, കർശനക്കാരിയായ, അതേസമയം സാമാർത്ഥ്യവും കുസൃതിയുമൊക്കെയുള്ള വെറളിയുമ്മ എന്നു വട്ടപ്പേരുള്ള ആയിഷയായി ഉർവ്വശി ജീവിക്കുകയാണ്. കഥാപാത്രമായി എത്തുമ്പോൾ മലയാളികൾക്ക് സമ്മാനിക്കുന്ന ആ ‘ഉർവ്വശി മാജിക്’ ഈ സിനിമയിലും ഉണ്ട്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ഹിറ്റായി മാറിയ ‘കുട്ടന്റെ അമ്മ’
നടി കൽപനയുടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ബാംഗ്ലൂർ ഡെയ്‌സിലെ നിവിൽപോളിയുടെ അമ്മയായി എത്തുന്ന വേഷം. ചിരിപ്പിച്ചും രസിപ്പിച്ചും കല്പന പതിവുപോലെ പ്രേക്ഷക മനസ്സിൽ ഇടം നേടി. ഗ്രാമത്തിൽ ജീവിച്ചു ശീലിച്ച കൽപന മകനൊപ്പം ബാംഗ്ലൂരിൽ എത്തിയപ്പോൾ വന്ന മാറ്റങ്ങൾ വളരെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
കണ്ണുനിറയിച്ച സൂപ്പർ കൂൾ മമ്മി ‘വനജ’
അച്ചുവിന്റെ അമ്മയിലെ വനജയെ ആരും തന്നെ മറക്കില്ല. സിനിമ യാത്ര തുടരുന്നത് തന്നെ വനജയുടെ ജീവിതത്തിലൂടെയാണ്. വനജയായി വേഷമണിഞ്ഞ പതിവ് ഉർവശി മാജിക് ഇതിലും ഉണ്ടായിരുന്നു. അമ്മ- മകളായി എത്തിയ മീര ജാസ്മിൻ-ഉർവശി കൂട്ടുകെട്ട് ഏറെ ഹിറ്റായിരുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മമാരിൽ ഒരാൾ വനജയായിരിക്കും. താൻ ദത്തെടുത്ത കുട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വനജയുടെയും അച്ചുവിന്റെയും രസതന്ത്രം ഹൃദയങ്ങൾ കീഴടക്കി. അതിലും പ്രധാനമായി, അവരുടെ ബന്ധം പ്രേക്ഷകരുടെ കണ്ണുകളെ നനച്ചു. കോളേജിൽ അച്ചുവിനെ അനുഗമിക്കുന്നത് മുതൽ ആൺകുട്ടികളെക്കുറിച്ച് ഗോസിപ്പുകൾ വരെ അമ്മയോട് പങ്കുവെക്കുന്ന അമ്മയും മകളും തമ്മിലുള്ള ബന്ധം വിലമതിക്കാനാവാത്തതാണ്. ഇംഗ്ലീഷിൽ താൻ തയ്യാറാക്കുന്ന വിഭവത്തെക്കുറിച്ചുള്ള വനജയുടെ വിശദീകരണം ഇന്നും മലയാള സിനിമയിലെ ഏറ്റവും രസകരമായ രംഗമായി തുടരുന്നു.