Entertainment

‘പണ്ട് ഇന്ത്യ ഒന്നായിരുന്നു, ഇപ്പോഴുള്ളത് വിഭജിക്കുന്ന രാഷ്ട്രീയം…’ അഭിപ്രായം തുറന്നുപറഞ്ഞതിന് സോനം കപൂറിന് പൊങ്കാല

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും കശ്മീർ പ്രശ്‌നത്തെ കുറിച്ചും അഭിപ്രായം പറഞ്ഞ ബോളിവുഡ് അഭിനേത്രി സോനം കപൂറിന് നേരെ സോഷ്യൽ മീഡിയയിൽ വലതുപക്ഷ ആക്രമണം. ബോളിവുഡ് വെറ്ററൻ നടൻ അനിൽ കപൂറിന്റെ മകളായ സോനത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തും അധിക്ഷേപിച്ചുമുള്ള ട്രോളുകളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്കു പോവണമെന്നും ട്രോളുകൾ ആവശ്യപ്പെടുന്നു. #SonamKapoor എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിൽ തരംഗമാവുകയും ചെയ്തു. വിമർശകർക്ക് മറുപടിയുമായി സോനം ട്വിറ്ററിൽ രംഗത്തുവന്നു.

ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. പാകിസ്താനിലെ ഇംറാൻ ഖാൻ ഗവൺമെന്റ് ബോളിവുഡ് ചിത്രങ്ങൾ നിരോധിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കുമായി സംസാരിക്കവെ നടത്തിയ അഭിപ്രായ പ്രകടനം കാരണമാണ് സോനം സൈബർ ആക്രമണത്തിന് ഇരയായത്. കലാകാരി എന്ന നിലയിൽ തന്റെ സിനിമ ലോകത്ത് എല്ലായിടത്തും പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും നിരോധനത്തിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു. തനിക്ക് പാകിസ്താനിൽ ആരാധകരുണ്ടെന്നും തന്റെ രണ്ട് അടുത്ത സുഹൃത്തുക്കൾ മുസ്ലിംകളും അർധ പാകിസ്താനികളുമാണെന്നും അവർ കൂട്ടിച്ചേർത്തു.

370-ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷമുള്ള കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ചോദ്യത്തിന് സോനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘അത് വളരെ സങ്കീർണമായ കാര്യമാണ്. പരസ്പര വിരുദ്ധമായ വാർത്തകളാണ് അതേപ്പറ്റി പുറത്തുവരുന്നത്. എന്താണ് സത്യമെന്ന് എനിക്കറിയില്ല. സമാധാനപരമായ സംഭാഷണത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പൂർണമായ വിവരം ലഭിച്ചതിനു ശേഷം ഞാൻ അതിനെപ്പറ്റി അഭിപ്രായം പറയാം.’ താൻ പകുതി സിന്ധിയും പകുതി പെഷാവറിയും ആണെന്നും അവർ പറഞ്ഞു.

‘ഇപ്പോൾ കാര്യങ്ങൾ എവിടെയെത്തി എനത് ഹൃദയഭേദകമാണ്. ഞാൻ വളരെ രാജ്യസ്‌നേഹമുള്ളയാളാണ്. അതിനാൽ ഇപ്പോൾ മിണ്ടാതിരിക്കുകയും ഈ സമയം കടന്നുപോകാൻ അനുവദിക്കുകയുമാണ് ചെയ്യേണ്ടത് എന്നാണെന്റെ പക്ഷം. 70 വർഷം മുമ്പ് നമ്മുടെ രാജ്യം ഒന്നായിരുന്നു. എന്നാൽ, ഇപ്പോൾ പരസ്പരം വിഭജിക്കുന്ന രാഷ്ട്രീയമാണ് നിലനിൽക്കുന്നത്…’