സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്‌നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി.
ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്‍റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു നൽകിയ കത്തില്‍ പറയുന്നു.
താൻ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയിൻ കത്തിൽ ആവശ്യപ്പെടുന്നു. സിനിമയുടെ എഡിറ്റിംഗിൽ ഇടപെട്ടിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു.
ആര്‍ഡിഎക്സ് സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണം താനല്ലെന്നും ഷെയിന്‍ പറയുന്നു. ശാരീരിക പ്രശ്നങ്ങള്‍ കാരണം ഒരു ദിവസം സെറ്റിലെത്താന്‍ വൈകിയത് കൊണ്ട് നിർമ്മാതാവിൻ്റെ ഭർത്താവ് പോൾ തൻ്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നടൻ കത്തിൽ പറയുന്നു.
ഷെയിൻ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്നു എന്നായിരുന്നു സോഫിയ പോളിന്‍റെ പരാതി. ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.