നടന്‍ ഷെയ്‍ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നിര്‍മാതാക്കള്‍ക്ക് ഷെയിന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് അമ്മ വ്യക്തമാക്കി. ഷെയിന്‍ നിഗം നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടില്‍ നിർമാതാക്കൾ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഒരു കോടി രൂപയാണ് നിർമാതാക്കൾ നഷ്ടപരിഹാരമായി ചോദിച്ചത്.
ഷെയ്‍ന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിനാലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയ്‍ന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെക്കുറിച്ച് അവര്‍ നേരത്തേ സൂചന പോലും നല്‍കിയിരുന്നില്ലെന്നും അമ്മയുടെ ഭാരവാഹികള്‍ പറഞ്ഞു.