പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി നല്‍കി. അമ്മയുടെ നിര്‍ദേശപ്രകാരമായിരുന്നു ഡബ്ബിങ്. ഷെയിന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അമ്മയും നിര്‍മാതാക്കളും തമ്മിലുള്ള യോഗം അടുത്തയാഴ്ച ചേര്‍ന്നേക്കും.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഷെയിന്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ഇതേതുടര്‍ന്ന് അമ്മയുടെ നിര്‍വാഹക സമിതിയുടെ നിര്‍ദേശപ്രകാരം ഷെയിന്‍ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ ഉല്ലാസം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ പദ്ധതി. ഡബ്ബിങ് പൂര്‍ത്തീകരിച്ചതോടെ ഷെയിന്‍ വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള വഴി തെളിഞ്ഞു.
ഈ മാസം 20ന് ശേഷം നിര്‍മാതാക്കളും അമ്മ ഭാരവാഹികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നേക്കും. നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളായ എം രഞ്ജിത്തും ആന്റോ ജോസഫും കൊച്ചിയില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും. ഉല്ലാസത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള തര്‍ക്കവും വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയിനില്‍ നിന്ന് ഈടാക്കാത്ത വിധം പ്രശ്നം പരിഹരിക്കാനാണ് അമ്മയുടെയും ശ്രമം.