താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകന്‍ പങ്കെടുത്തത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അമ്മ യോഗത്തില്‍ പങ്കെടുത്തതിന് കുറിച്ച് ഷമ്മി തിലകന്‍ ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ-
“പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം. കൃഷ്ണാ നീ എവിടെ? എവിടെ? സംഭവാമി യുഗേ യുഗേ!”- ജനറല്‍ ബോഡിക്ക് ശേഷം അമ്മ അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിനിടെ എടുത്ത സെൽഫിയും കുറിപ്പിനൊപ്പം പങ്കുവെച്ചു.
ഷമ്മി തിലകന്‍ അമ്മയുടെ ഇതുവരെ അമ്മയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അമ്മയില്‍ നിന്ന് പുറത്തായ തിലകന് പിന്തുണ പ്രഖ്യാപിച്ചാണ് വിട്ടുനിന്നത്. 2009ലാണ് തിലകന്‍ അമ്മയില്‍ നിന്ന് പുറത്തായത്. അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ച കുറ്റം.
അമ്മയിൽ നിന്ന് പുറത്താക്കിയ നടൻ തിലകനെതിരായ നടപടി പിൻവലിക്കണമെന്ന് ജനറല്‍ ബോഡിയില്‍ ഷമ്മി തിലകന്‍ ഓര്‍മിപ്പിച്ചു. എന്നാൽ ഇതു സംബന്ധിച്ചു വ്യക്തമായ മറുപടി അമ്മ നേതൃത്വം നൽകിയില്ല. തിലകൻ അമ്മയുടെ ഭാഗം തന്നെയാണെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. തിലകന്റെ വലിയ സംഭാവനകളെ അംഗീകരിക്കുന്നുവെന്നും പുറത്താക്കിയതല്ല, അദ്ദേഹമാണ് സംഘടനയിൽ നിന്നു മാറിയതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.