തെന്നിന്ത്യന്‍ നടി സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെയാണ് പുറത്തുവന്നത്. അപൂര്‍വ്വ രോഗത്തിന്റെ പട്ടികയിലുള്ള മയോനൈറ്റിസ് രോഗത്തോട് എങ്ങനെയാണ് തന്റെ ശരീരവും മനസും പോരാടുന്നതെന്ന് തുറന്നുപറയുകയാണ് സാമന്ത. തന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ശാകുന്തളം എന്ന ചിത്ത്രിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഒരു നടിയെന്ന നിലയില്‍ എന്റെ സോഷ്യല്‍ മിഡിയയിലും അഭിമുഖങ്ങളിലും സിനിമകളിലുമെല്ലാം പൂര്‍ണത വേണമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇവയൊന്നും എനിക്ക് എളുപ്പത്തില്‍ മറികടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുകയായിരുന്നു.
ഓരോ സമയവും കൂടുതല്‍ കൂടുതല്‍ മികച്ചതാകാനായിരുന്നു എന്റെ ശ്രമങ്ങള്‍. ഒടുവില്‍ എന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തി. മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു.
കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം. എന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നതുപോലെയാണ് വേദന അനുഭവിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്‌റ്റൈലിന് വേണ്ടിയോ തമാശയക്ക് വേണ്ടിയോ അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. അതിനോടൊപ്പം കടുത്ത മൈഗ്രേനും വേദനിപ്പിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്’. സാമന്ത പറഞ്ഞു.
ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് മയോസൈറ്റിസ്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. നിരവധി തരം മയോസൈറ്റിസുകളാണ് ഉള്ളത്. അതില്‍ പ്രധാനം പോളി മയോസൈറ്റിസും ഡെര്‍മാമയോസൈറ്റിസുമാണ്.