Entertainment

കാത്തിരിപ്പിന് വിരാമം, സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ആഗസ്റ്റില്‍

ഇന്ത്യയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആഗസ്റ്റ് 15ന് പുറത്തിറങ്ങുന്ന പുതിയ സീസണില്‍ ആദ്യ സീസണിലെ താരങ്ങള്‍ക്ക് പുറമെ പുതിയതായി കല്‍ക്കി കൊച്ച്ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാദി എന്നിവരും ഭാഗമാകുന്നു. നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലിഖാൻ, രാധിക ആപ്തെ, നീരജ് കബി, രാജശ്രീ ദേശ്പാണ്ടേ എന്നിവരാണ് ആദ്യ സീസണില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന കഥാപാത്രത്തിന്റെ കഥപറച്ചിലിനും സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗിന്റെ അന്വേഷണങ്ങള്‍ക്കും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ ആദ്യ ഭാഗത്ത് നല്‍കിയിരുന്നത്. 25 ദിവസങ്ങള്‍ക്കുള്ളില്‍ ബോംബൈക്ക് സംഭവിക്കാന്‍ പോകുന്ന അപകടമെന്തെന്ന് അന്വേഷിക്കുന്നതാണ് ആദ്യ ഭാഗത്തെ പ്രതിപാദ്യ വിഷയം. രണ്ടാം ഭാഗത്തില്‍ അപകടം കണ്ടുപിടിക്കുന്നതും ഒഴിവാക്കുന്നതുമാണെന്നാണ് പ്രേക്ഷക അനുമാനം. ചിത്രത്തിലെ രാഷ്ട്രീയ പശ്ചാത്തലം ആദ്യ സീസണ്‍ സമയത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കെനിയ, കേപ്ടൌണ്‍, ജോഹാനാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് രണ്ടാം ഭാഗം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. വിക്രം ചന്ദ്രയുടെ പ്രശസ്തമായ സേക്രഡ് ഗെയിംസ് പുസ്തകത്തെ അധികരിച്ചാണ് സീരീസ് നിര്‍മ്മിച്ചിട്ടുള്ളത്. വിക്രമാദിത്യ മോത്വാനിയും അനുരാഗ് കശ്യപും ഒരുമിച്ചാണ് സേക്രഡ് ഗെയിംസ് ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. പുതിയ സീസണില്‍ വിക്രമാദിത്യ മോത്വാനിക്ക് പകരക്കാരനായി നീരജ് ഗെയ്‍വാനാണ് അനുരാഗ് കശ്യപിന്റെ കൂടെ സംവിധാനം ഏറ്റെടുക്കുക. സീരീസില്‍ ഗണേഷ് ഗയ്തോണ്ടെയുടെ ഭാഗം അനുരാഗ് കശ്യപും സര്‍താജിന്റെ ഭാഗം നീരജ് ഗെയ്‍വാനുമായിരിക്കും പുതിയ സീസണില്‍ സംവിധാനം ചെയ്യുക. നേരത്തെ സീസണ്‍ ഒന്ന് നിര്‍മ്മിച്ച ഫാന്റം ഫിലിംസ് ഇടക്കാലത്ത് വിവാദങ്ങളോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് പുതിയ സീസണ്‍ ഇറങ്ങുന്നത് പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ പുതിയ സീസണ്‍ ആരാണ് നിര്‍മ്മിക്കുന്നത് എന്നതില്‍ നെറ്റ്ഫ്ലിക്സ് ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല. ട്രെയിലറില്‍ അതിന്റെ ഒരു സൂചനകളും കാണാന്‍ കഴിയില്ല.