Entertainment

‘ആ ഒറ്റ വാക്കിലുണ്ട് എല്ലാം’; സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് പൃഥിരാജ്

പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന്‍ പൃഥിരാജ്. ഒറ്റ വരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്‍റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു. സച്ചിയുടെ ആദ്യ സംവിധാന ചിത്രമായ അനാര്‍ക്കലിയിലും പൃഥിരാജായിരുന്നു നായകന്‍. ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ തിരക്കഥ സച്ചിയുടെതായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) ഇന്ന് തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.