ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചക്ക് 1.04നാണ് അന്ത്യം സംഭവിച്ചത്. 74 വയസായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ നില വളരെ ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവില്‍ ആശുപത്രി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ആഗസ്ത് 5നാണ് എസ്.പി.ബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്തംബർ ഏഴിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു.
ഗായകനെ കൂടാതെ നടന്‍,സംഗീത സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയിട്ടുള്ള കലാകാരനാണ് എസ്.പി.ബി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ് എസ്.പി.ബി.