Entertainment

ഈ കടലും മറുകടലും ഭൂമിയും മാനവും നിറയുന്ന സ്വരമാധുര്യം; എസ്പിബി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം

സംഗീതലോകത്ത് തലമുറകളുടെ ആവേശമായിരുന്ന എസ് പി ബാലസുബ്രമണ്യം ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. അഞ്ച് പതിറ്റാണ്ടോളം, കാലത്തിന്റെ അതിരുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അതുല്യ കലാകാരന്‍ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന് ജനഹൃദയങ്ങളില്‍ ഇന്നും അമരത്വമാണ്. എസ്പിബി എന്ന മൂന്നക്ഷരം മതി ആ പാട്ടുകളുടെ വസന്തകാലം നമ്മുടെ മനസിലേക്ക് ഓടിയെത്താന്‍. (S. P. Balasubrahmanyam death anniversary)

സംഗീതലോകം ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ. അനായാസമായ ആലപാനത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ശാസ്ത്രീയസംഗീതം പഠിക്കാതെ, സംഗീതജ്ഞനു വേണ്ട അച്ചടക്കങ്ങളൊന്നുമില്ലാതെ, പതിറ്റാണ്ടുകള്‍ ആലാപനരംഗത്ത് നിറഞ്ഞുനിന്നു എസിപിബി. റെക്കോഡിങില്‍ പുതുചരിത്രമെഴുതി.

ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബി സംഗീതലോകത്തിന് സമ്മാനിച്ചത് എക്കാലവും മനസ്സില്‍തങ്ങി നില്‍ക്കുന്ന നിരവധി മനോഹരഗാനങ്ങളാണ്. ബോളിവുഡിലും വെന്നിക്കൊടി പറത്താന്‍ ഈ ആന്ധ്രാപ്രദേശുകാരനായി. ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആര്‍ദ്രതയും നിറഞ്ഞുനിന്ന എസ്പിബിയുടെ ശബ്ദമാധുര്യമുണ്ട്. ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമായി.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം 24 തവണയും പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷന്‍ എന്നിവയുെ എസ്പിബി നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന പ്രത്യേകതയും സംഗീതസംവിധായകന്‍, രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന മികവുമുണ്ട് എസ്പിബിയ്ക്ക്. റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ എസ്പിബി ഇന്നും തന്റെ ശബ്ദമാധുര്യത്തിലൂടെ തലമുറകളെ വിസ്മയിപ്പിക്കുന്നു.