Entertainment

സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 50 കോടി പിൻവലിക്കപ്പെട്ടു, എന്തുകൊണ്ട് അന്വേഷിച്ചില്ല? മുംബൈ പൊലീസിനോട് ബിഹാർ ഡിജിപി

‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കുമെന്ന് ബിഹാർ ഡിജിപി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മുംബൈ പൊലീസിനെ പരസ്യമായി കുറ്റപ്പെടുത്തി ബിഹാർ പൊലീസ് രം​ഗത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക വശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി ​ഗുപ്തേശ്വർ പാണ്ഡെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 50 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടെന്നും അത് മുഴുവൻ പിൻവലിക്കപ്പെട്ടെന്നും ബിഹാർ ഡിജിപി പറയുന്നു.

‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കും. നാല് വർഷമായി സുശാന്തിന്റെ അക്കൗണ്ടിലെത്തിയ 50 കോടിയിൽ നിന്നും 50 കോടിയും പിൻവലിക്കപ്പെട്ടു. ഇതിൽ തന്നെ 15 കോടി കഴിഞ്ഞ വർഷമാണ് പിൻവലിക്കപ്പെട്ടത്’- ​ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

ഇത് ആദ്യമായല്ല സുശാന്തിന്റെ കേസിൽ ബിഹാർ – മുംബൈ പൊലീസ് തർക്കം. സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും മുംബൈ പൊലീസ് നൽകിയില്ല. അന്വേഷണസംഘത്തിന്റെ തലവൻ എന്ന നിലയിൽ മുംബൈയിലെത്തിയ പറ്റ്ന എസ്പി വിനയ് തിവാരിയെ മുംബൈ കോർപറേഷൻ നിർബന്ധിത ക്വാറന്റൈിൽ അയച്ചതും കയ്യിൽ ക്വാറന്റൈൻ സീൽ പതിച്ചതും വിവാദമായിരുന്നു. ബിഹാർ ഡിജിപി ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ഐപിഎസ് മെസ്സിൽ വിനയ് തിവാരിക്ക് താമസ സൗകര്യം ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തി.

‘തെളിവുകൾ പങ്കുവെയ്ക്കാൻ തയ്യാറാകുന്നതിന് പകരം അവർ എസ്പിയെ വീട്ടുതടങ്കലിലാക്കിയതുപോലെയാണ്. ഇങ്ങനെ നിസ്സഹകരിക്കുന്ന സംസ്ഥാന പൊലീസിനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. കേസ് അന്വേഷണത്തിൽ മുംബൈ പൊലീസിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ഞങ്ങളുമായി സഹകരിക്കണം’- ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവ് കെ കെ സിങിന്റെ പരാതി. കോടികൾ റിയ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തമാക്കി, സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് റിയക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റിയക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തത്. എന്നാൽ മുംബൈ പൊലീസ് കമ്മീഷണർ പരംബിർ സിങ് പറഞ്ഞത് സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നാണ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. റിയയുടെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. മുംബൈ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും പൊലീസിലെ ചിലർ റിയയെ സഹായിക്കുകയാണെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചു.