Entertainment

‘ഒരു മതില്‍ പങ്കിട്ട് പാളയം പള്ളിയും ഗണപതി കോവിലും’: എന്റെ കേരള സ്‌റ്റോറിയെന്ന് റസൂല്‍ പൂക്കുട്ടി

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറി വിവാദങ്ങളും ചര്‍ച്ചകളും കത്തിപ്പടരുന്നതിനിടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ എന്നാണ് റസൂല്‍ പൂക്കുട്ടി ചോദിച്ചത്. മൈ കേരള സ്‌റ്റോറി എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുട്ടിയുടെ ചോദ്യം.

MyKeralaStory തിരുവനന്തപുരത്തെ #പാളയം മസ്ജിദും അയൽപക്കത്തുള്ള #ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമോ…? എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌.

കമന്റുകളില്‍ നിറയെ കേരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റേയും ഒരുമയുടേയും സംഭവങ്ങളും ഒട്ടേറെ പേര്‍ കുറിക്കുന്നുണ്ട്. കേരള സ്റ്റാറി എന്ന ചിത്രം ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങളെ പ്രമുഖ വ്യക്തികള്‍ അടക്കം ശക്തമായി പ്രതിരോധിക്കുന്നത്.

ഇതേ സമയം ‘ദി കേരള സ്റ്റോറി’ കേരളത്തിൽ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു.