Entertainment

രണ്ടാമൂഴം; എം.ടിയുടെ ഹരജി നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേ

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ വി.എ ശ്രീകുമാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം ‍കോടതി സ്റ്റേ അനുവദിച്ചു. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എം.ടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണ് വി.എ ശ്രീകുമാറിന്‍റെ വാദം. ശ്രീകുമാറിന്‍റെ ഹരജിയില്‍ എം.ടിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തനകം എം.ടി മറുപടി നല്‍കണം.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ. എന്നാല്‍ നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി വാസുദേവന്‍ സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വി.എ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയുമായിരുന്നു.