ആഷിഖ് അബുവിന്റെ വൈറസിലൂടെ രമ്യ നമ്പീശൻ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്. മികച്ച ഒരു ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിൽ താൻ സംതൃപ്തയാന്നെന്നും മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം.
ഡബ്ല്യൂ.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാന്‍ അല്ല. ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് വളരെ സന്തോഷകരമായ കാര്യമാണെന്നും രമ്യ പറഞ്ഞു.
മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരെയും മനുഷ്യരായി കാണണം. വിജയമോ, തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു. ഇനിയും മുന്നോട്ടു തന്നെയെന്നും രമ്യ പറയുന്നു.