Entertainment

രണ്ട് വാഴപ്പഴത്തിന് 442 രൂപ! അന്തം വിട്ട് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്

രണ്ട് വാഴപ്പഴത്തിന് 442 രൂപയോ? ചോദ്യവുമായി എത്തിയിരിക്കുന്നത് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. ഛത്തീസ്ഗണ്ഡിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് 442 രൂപയുടെ ബില്ല് കൊടുത്ത് നടനെ ഹോട്ടലധികൃതര്‍ ഞെട്ടിച്ചത്. ജി.എസ്.ടി ഉള്‍പ്പെടെ 442.50 രൂപയാണ് ബില്‍ ഈടാക്കിയത്‌. ബില്ല് കണ്ട് അമ്പരന്ന നടന്‍ പിന്നാലെ ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പഴങ്ങള്‍ നിങ്ങള്‍ക്ക് ഹാനികരമല്ലെന്ന് ആര് പറഞ്ഞു എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്‍റെ ട്വീറ്റ്.

എന്നാല്‍ രസകരമായ രീതിയിലാണ് സോഷ്യല്‍ മീഡിയ ഇതിനെതിരെ പ്രതികരിച്ചത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വന്‍ തുക കൊടുത്ത് റൂം ബുക്ക് ചെയ്യുന്ന നിങ്ങള്‍ക്ക് രണ്ട് പഴത്തിന് 442 രൂപ കൊടുത്താലെന്തെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഹോട്ടലിനെതിരെയും ചിലര്‍ പ്രതികരിക്കുന്നുണ്ട്. സ്വര്‍ണത്തൊലിയാണോ പഴത്തിന് എന്ന് തുടങ്ങി മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ പോയി പോപ്കോണ്‍ വാങ്ങിച്ചാലുള്ള സ്ഥിതി ഇങ്ങനെയാണെന്ന് തുടങ്ങി രസകരമായ കമന്‍റുകളാണ് വീഡിയോക്ക് പിന്നില്‍ വരുന്നത്.