വളരെ അടുത്ത് നിന്നാൽ ശ്വാസം പോലും വിശ്രമിക്കുന്ന ശബ്ദം കേൾക്കാം
നടി മഞ്ജു വാര്യരുടെ സഹോദരന്‍ എന്നതിലുപരി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മധു വാര്യര്‍. നടനെന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ താരം കൂടിയാണ് മധു. ഇപ്പോള്‍ മധു വാര്യര്‍ സിനിമാ സംവിധാനത്തിലേക്ക് കടക്കുകയാണ്. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നത് മഞ്ജു വാര്യരും ബിജു മേനോനാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ മധുവിനെക്കുറിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ മധു വാര്യര്‍ സംവിധാനം ചെയ്യുന്നൊരു സിനിമ. ”ലളിതം സുന്ദരം”അതാണ് പേര്. പേരുപോലെ ലളിതവും സുന്ദരവുമായൊരു കഥ. വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ. അവരെ തെളിച്ചുകൊണ്ട് അങ്ങേയറ്റം ശാന്തനായൊരു സംവിധായകൻ. സദാ നിശ്ശബ്ദൻ. വളരെ അടുത്ത് നിന്നാൽ ശ്വാസം പോലും വിശ്രമിക്കുന്ന ശബ്ദം കേൾക്കാം. തറവാട്ടു പറമ്പിൽ കുട്ടിക്കാലത്ത് ഊഞ്ഞാല് കെട്ടി ആടിയ നാടൻ മാവിന്റെ തടിവണ്ണം ഉണ്ടെങ്കിലും അകം ഉണ്ണിക്കാമ്പ്. അപൂർവ്വമായേ ചിരിച്ചു കണ്ടിട്ടുള്ളു. പക്ഷെ കണ്ണുകളിൽ സദാ പുഞ്ചിരിയുണ്ടെന്ന് ഉറപ്പ്.
അഭിനയ മോഹവുമായി പലരും എനിക്കരികിൽ സങ്കടപ്പെട്ടും, നിരാശപ്പെട്ടും, പരമാനന്ദ തുടികൊട്ടുമായി നിന്നിട്ടുണ്ടെങ്കിലും അപൂർവ്വം ചിലരെ മാത്രമേ തിരശ്ശീലയിലെ നിഴലാട്ടമായി മാറ്റാൻ എനിക്ക് സാധിച്ചിരുന്നുള്ളു. മനസ്സിൽ കണ്ടുവെച്ച ചിലര്‍ക്കെല്ലാം ആ പ്രകാശം തളിക്കണമെന്ന ആഗ്രഹം ഇപ്പോഴും അവശേഷിക്കുന്നു. സാധിക്കുമോ എന്തോ.
അതൊരു സംഭവിക്കലാണ്. എങ്ങിനെ എപ്പോൾ എവിടെ വെച്ച് സംഭവിക്കുമെന്ന് അറിഞ്ഞും അറിയാതെയും പിറന്നു വീഴുന്ന ഒരു സിനിമക്ക്‌പോലും അറിയില്ലതാനും. അത്ഭുതങ്ങൾ പലതും സംഭവിച്ച ശേഷമാണ് ദൈവത്തിനു വരെ സന്ദേശം വരുന്നത്. ഈ പ്രപഞ്ചം അങ്ങിനെയാണ്. അവിടം ഒരുത്തനും ഒന്നിനും പ്രസക്തിയില്ല. സർവ്വതും,”ലളിതം സുന്ദരം”.