Entertainment

‘റോക്കട്രി ദി നമ്പി എഫക്ട്’ ;ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മാധവനും വർഗീസ് മൂലനും

ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി’ എന്ന നമ്പി നാരായണന്‍ ബയോപിക്ക് മികച്ച ചിത്രത്തിലുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ വിവരം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഒക്ടോബര്‍ 17-ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ചു നടന്ന അറുപത്തിയൊമ്പതാം ദേശീയ അവാര്‍ഡ്‌ ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ്‌ മൂലനും സംവിധായകന്‍ ആര്‍. മാധവനും ഏറ്റുവാങ്ങി. പ്രസിദ്ധ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷം അവതരിപ്പിച്ചത്. നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരേപോലെ പിടിച്ചുപറ്റിയ ചിത്രം ഹിന്ദി, തമിഴ് ഭാഷകളില്‍നിന്നായി നൂറു കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു.

മലയാളിയായ പ്രമുഖ വ്യവസായി ഡോ. വര്‍ഗീസ്‌ മൂലനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ച്ചേഴ്സിനൊപ്പം ആര്‍.മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ 27 ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഒരേ സമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രമായിരുന്നു റോക്കട്രി. ഷാരൂഖ് ഖാനും സൂര്യയും അതിഥി വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ സിമ്രാനാണ് മാധവന്റെ നായികയായി എത്തിയത്. ഫിലിസ് ലോഗന്‍, വിന്‍സെന്റ് റിയോട്ട, റോണ്‍ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, മിഷ ഘോഷാല്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയ ഇന്ത്യന്‍ നടീനടന്മാരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം ഡബ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടം പ്രമേയമായ ചിത്രത്തിനുവേണ്ടി വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു. ക്യാപ്റ്റന്‍, വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്നാണ് ചിത്രത്തിന്റെ കോ-ഡയറക്ടര്‍. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്: ബിജിത്ത് ബാല, സംഗീതം: സാം സി.എസ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.