Entertainment

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം; ഡ്രൈവിംഗ് ലൈസന്‍സിന്റെ സംവിധാനം ലാല്‍ ജൂനിയര്‍

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന് പേരിട്ട ചിത്രത്തില്‍ പൃഥിരാജ് തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സച്ചിയുടെതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സംയുക്തമായാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയന്‍’ ആയിരുന്നു ആദ്യ നിര്‍മ്മാണ ചിത്രം.

ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാകും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ചിത്രത്തിന്റെ ഭാഗമാകും.