പ്രണയം ആരാലും നിർവചിക്കാനാകാത്ത മാജിക് തന്നെയാണ്. മലയാള സിനിമയിൽ സുന്ദരമായ പ്രണയത്തിന്റെ ദൃശ്യവിഷ്ക്കാരം പലകുറി നമ്മൾ കണ്ടതുമാണ്. പ്രണയത്തിന്റെ പുതിയ കാലത്തെ വായനയായി മാറുകയാണ് നിഖിൽ മുരളി സംവിധാനം ചെയ്ത ‘പ്രണയവിലാസം’. പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറി തിയേറ്ററിൽ മുന്നേറുന്ന ചിത്രം സാധാരണ ഒരു പ്രണയ സിനിമ എന്നതിനപ്പുറം ഹൃദയത്തോട് അത്രമേൽ ആർദ്രമായി ചേർന്ന് നിൽക്കുന്ന സിനിമ തന്നെയാണ്. നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകൾ തെല്ലൊരു നൊമ്പരത്തോടെ മനസിലൂടെ കാഴ്ച്ചക്കാരുടെ മനസിലേക്ക് കടത്തിവിടുന്നുണ്ട് ഈ സിനിമ. പ്രണയ സിനിമകൾ പുതുമയൊന്നുമില്ലാതെ അവതരിപ്പിച്ച് പരാജയപ്പെട്ട് പോകുന്ന കാഴ്ചകൾ സിനിമയിൽ സംഭവിക്കാറുണ്ട്. പക്ഷെ തന്റെ സംവിധാന മികവ് കൊണ്ട് പ്രണയ വിലാസത്തെ പ്രണയാർദ്രമായ കാഴ്ചാനുഭവമാക്കുകയാണ് സംവിധായകൻ. തിരക്കഥയും സംഗീതവും സിനിമയെ കൂടുതൽ പ്രേക്ഷക ഹൃദയത്തിലേക്ക് അടുപ്പിക്കുന്നു. (pranayavilasam movie running successfully)
സൂപ്പർ ശരണ്യക്ക് ശേഷം അനശ്വര രാജനും അർജുൻ അശോകനും മമിത ബൈജുവും ഒന്നിച്ചെത്തിയ ചിത്രമായ പ്രണയവിലാസം, പുതിയ കാലത്തെ പ്രണയത്തെ തെല്ലും ഭംഗി നഷ്ടപ്പെടാതെ അവതരിപ്പിക്കുന്നത്തിൽ വിജയിച്ചിട്ടുണ്ട്. റൊമാന്റിക് സിനിമയെന്ന ഗണത്തിൽ പെടുത്താവുന്ന സിനിമയായി നില നിൽക്കുമ്പോളും സസ്പെന്സുകളും നിറഞ്ഞൊരു നിറഞ്ഞ സിനിമ തന്നെയാണ് പ്രണയ വിലാസം. അഭിനയിച്ചിരിക്കുന്നവരെല്ലാം തങ്ങളുടെ റോൾ മനോഹരമാക്കിയ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകതയും ഈ അഭിനയ മികവ് തന്നെയാണ്.
മലബാറിൻറെ തനി നാട്ടിൻ പുറത്തെ ഭാഷ ശൈലിയും മികച്ച രീതിയിൽ സിനിമയിൽ കൊണ്ടു വന്നിട്ടുണ്ട്.
അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു, മനോജ് കെയു, മിയ ജോർജ്ജ്, ശരത് സഭ, ഉണ്ണിമായ നാലപ്പാട്ട്, ഹക്കീം ഷാജഹാൻ, ശ്രീധന്യ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ ശ്രദ്ധേയവേഷങ്ങളിലുള്ളത്. സിനിമ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് തന്നെ കണ്ണ് നിറഞ്ഞ് പോകുന്ന തരത്തിലുള്ള നിമിഷങ്ങൾ ചിത്രത്തിലുണ്ട്. ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് പ്രണയവും ട്വിസ്റ്റുകളും ആവോളം നിറഞ്ഞ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷിനോസിൻറെ ഛായാഗ്രഹണ മികവും ബിനു നെപ്പോളിയൻറെ എഡിറ്റിംഗും മനോഹരമായൊരു ദൃശ്യ ഭാഷ സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശി കുമാർ എന്നിവരെഴുതിയ ഗാനങ്ങളും ഷാൻ റഹ്മാൻറെ സംഗീതവും സിനിമയുടെ ആത്മാവ് തന്നെയാണ്. സിനിമയെ കൂടുതൽ പ്രേക്ഷക ഹൃദയത്തിലേക്ക് അടുപ്പിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. ചാവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് സിനിമ
നിർമ്മിച്ചിരിക്കുന്നത്.